സര്‍ദാര്‍ പട്ടേല്‍ പ്രതിമ അനാച്ഛാദനം; ഗുജറാത്തിലെ ഗോത്രസമൂഹങ്ങള്‍ പ്രതിഷേധത്തിലേക്ക്
national news
സര്‍ദാര്‍ പട്ടേല്‍ പ്രതിമ അനാച്ഛാദനം; ഗുജറാത്തിലെ ഗോത്രസമൂഹങ്ങള്‍ പ്രതിഷേധത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 12:41 pm

അഹമദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ “സ്റ്റാച്യൂ ഓഫ് യൂണിറ്റി” ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യാനിരിക്കെ ശക്തമായ പ്രതിഷേധവുമായി ഗുജറാത്തിലെ ഗോത്രസമൂഹം. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രധിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

75,000 ത്തോളം ഗോത്രവര്‍ഗ്ഗക്കാരെ ഈ പദ്ധതി പ്രതികൂലമായി ബാധിച്ചതായി തദ്ദേശ ഗോത്രവര്‍ഗ്ഗ സംഘടനകള്‍ പറഞ്ഞു. “പ്രതിമ അനാവരണം ചെയ്യുന്ന അന്നേ ദിവസം 72 ഗ്രാമങ്ങളില്‍ ഭക്ഷണം പാകം ചെയ്യില്ല. മരണം നടന്ന വീടുകളില്‍ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യാറില്ലാത്തതു പോലെ. അന്ന് ഞങ്ങള്‍ ദു:ഖാചരണം നടത്തും”- ഗോത്രനേതാവ് ഡോ: പ്രഫുല്‍ വാസവ പറഞ്ഞു.

“ഗുജറാത്തിന്റെ മഹാനായ പുത്രനായ സര്‍ദാര്‍ പട്ടേലിനോട് ഞങ്ങള്‍ക്ക് ഒരെതിര്‍പ്പുമില്ല. ഞങ്ങള്‍ വികസനത്തിനും എതിരല്ല. എന്നാല്‍ ഈ സര്‍ക്കാരിന്റെ വികസനത്തോടുള്ള സമീപനം അസന്തുലിതവും ഗോത്രസമൂഹത്തിനെതിരുമാണ്”- പ്രഫുല്‍ ഐ.എ.എന്‍.എസി നോട് പറഞ്ഞു.

ALSO READ: ജമ്മു കാശ്മീര്‍ നഗര തദ്ദേശഭരണ തെരഞ്ഞെടുപ്പ്; ആദ്യഘട്ടഫലങ്ങള്‍ പുറത്തുവന്നു

പ്രതിമാ നിര്‍മ്മാണത്തിനും സമീപപ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങള്‍ ആരോപിക്കുന്നത്. 9 ഗോത്രവര്‍ഗ ജില്ലകള്‍ പ്രധിഷേധത്തില്‍ പങ്കെടുക്കും. സ്‌കൂളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അന്നേ ദിവസം അടച്ചിട്ട് പ്രധിഷേധത്തില്‍ പങ്കാളികളാവും എന്നും പ്രഫുല്‍ അവകാശപ്പെട്ടു.

“ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരം മാത്രമാണ് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയത്. പുനരധിവാസ പാക്കേജ് പ്രകാരം ലഭിക്കേണ്ട പകരം സ്ഥലവും ജോലിയും എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല”- നര്‍മ്മദ ട്രൈബല്‍ അതോറിറ്റി പറഞ്ഞു.