ശ്രീലങ്കയില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ വെടിവെയ്പ്
കൊളംബൊ: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടല്‍ നടന്നതായി ശ്രീലങ്കന്‍ പൊലീസ്. ബട്ടിക്കോളയ്ക്ക് സമീപം അംപാര സൈന്തമരുതുവില്‍ റെയ്ഡിനിടെയാണ് സംഭവം. സ്‌ഫോടനവും നടന്നതായി സൈനിക വക്താവ് പറഞ്ഞു.
മറ്റൊരു റെയ്ഡില്‍ സ്‌ഫോടക വസ്തുക്കളും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വസ്ത്രങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഒരു സിവിലിയനും ഭീകരരെന്ന് സംശയിക്കുന്നവരും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
ശ്രീലങ്കയില്‍ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 140 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവില്‍ തുടര്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാനും ആരാധനാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും പതിനായിരത്തോളം സൈനികരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. നിലവില്‍ 76 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ സിറിയ ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും.
സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ പള്ളികളില്‍ പോകാതെ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തണമെന്ന് രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമാണ് ഭീകരര്‍ ചാവേറാക്രമണം നടത്തിയിരുന്നത്. ആക്രമണത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. 359 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉണ്ടായ പിഴവാണ് സംഖ്യ തെറ്റായി കണക്കാക്കാന്‍ ഇടയാക്കിയതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.