അന്ന് അമേരിക്കയില്‍ വെച്ച് ആ മമ്മൂട്ടി ചിത്രത്തിന്റെ കഥ ലഭിച്ചു; ബാക്കിയൊക്കെ എന്റെ സങ്കല്‍പ്പം: ശ്രീനിവാസന്‍
Entertainment
അന്ന് അമേരിക്കയില്‍ വെച്ച് ആ മമ്മൂട്ടി ചിത്രത്തിന്റെ കഥ ലഭിച്ചു; ബാക്കിയൊക്കെ എന്റെ സങ്കല്‍പ്പം: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 8:01 am

ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ പറയുമ്പോള്‍. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന്‍, മീന, മമ്മൂട്ടി എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലനായി എത്തിയ സിനിമയില്‍ മമ്മൂട്ടി സിനിമാ നടന്‍ അശോക് രാജായാണ് അഭിനയിച്ചത്.

ബാര്‍ബര്‍ ബാലനും അശോക് രാജും തമ്മിലുള്ള സൗഹൃദമായിരുന്നു കഥ പറയുമ്പോള്‍ എന്ന സിനിമയിലൂടെ പറഞ്ഞത്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ കഥ എങ്ങനെയാണ് തനിക്ക് കിട്ടിയതെന്ന് പറയുകയാണ് ശ്രീനിവാസന്‍. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമേരിക്കയില്‍ ഒരു ആവശ്യത്തിന് പോയപ്പോള്‍ അവിടെയൊരു സ്ഥലത്ത് താമസിക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ വന്ന ആലോചനയായിരുന്നു കഥ പറയുമ്പോള്‍ എന്ന സിനിമയുടെ കഥ. ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്.

പണ്ട് ആരോ പറഞ്ഞ കഥയുടെ ഓര്‍മയായിരുന്നു അത്. ആധുനിക കാലഘട്ടത്തില്‍ അങ്ങനെയുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍, അവരുടെ സൗഹൃദം ഡെവലെപ്പ് ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെ ഉടനെ തന്നെ ഞാന്‍ അത് കുറിച്ചു വെച്ചു.

അമേരിക്കയില്‍ വെച്ച് കിട്ടിയ ത്രെഡാണ് കഥ പറയുമ്പോള്‍ എന്ന സിനിമയുടേത്. അപ്പോഴും ശ്രീകൃഷ്ണന്റെയും കുചേലന്റെയും കഥ പൂര്‍ണമായും എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ അവര് തമ്മില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു.

കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോയതിനെ കുറിച്ചും കേട്ടിട്ടുണ്ട്. ആ കഥ എന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നു. കൂടുതല്‍ ഡീറ്റെയില്‍സ് എനിക്ക് അറിയില്ലായിരുന്നു. ബാക്കിയൊക്കെ എന്റെ സങ്കല്‍പ്പമായിരുന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Sreenivasan Talks About Script Of Katha Parayumpol Movie