തിരുവനന്തപുരം: ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ ട്രോളി പി.വി. ശ്രീനിജിന്‍ എം.എല്‍.എ. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ പരിഹസിച്ചുകൊണ്ടാണ് ശ്രീനിജിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
പാന്റും കുപ്പായവുമിട്ട ആനയുമായി പോകുന്ന പാപ്പാന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് എം.എല്‍.എയുടെ പരിഹാസം. അരികൊമ്പനുമായി കിഴക്കമ്പലത്തേക്ക് എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
പോസ്റ്റിന് താഴെ സാബു ജേക്കബിനെ പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സാബു ഹൈക്കോടതിയിയെ സമീപിച്ചിരിക്കുന്നത്. അരിക്കൊമ്പന് ചികിത്സ നല്‍കണമെന്നും തമിഴ്നാട് പിടികൂടിയാല്‍ കേരളത്തിന് കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിന്റെ വനമേഖലയിലുള്ള ആനയാണ് അരിക്കൊമ്പനെന്നും കേരള ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അരിക്കൊമ്പനെ പെരിയാറില്‍ കൊണ്ടുപോയതെന്നും ഹരജിയില്‍ പറയുന്നുണ്ട്.
‘ഇപ്പോഴത്തെ സ്ഥിതിയില്‍ അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേരള സര്‍ക്കാര്‍ ഇടപെടണം. അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് മുറിവേറ്റിട്ടുണ്ട്. അരിക്കൊമ്പന് ആവശ്യമായ ചികിത്സ നല്‍കണം. അരിക്കൊമ്പനെ പിടികൂടണ്ട, മയക്ക് മരുന്ന് വെക്കണ്ടയെന്നല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പകരം അരിക്കൊമ്പനെ സുരക്ഷിതമായിടത്ത് മാറ്റണം,’ എന്നാണ് സാബു ഹരജിയില്‍ ആവശ്യപ്പെടുന്നത്.
ചിന്നക്കനാലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തിന് പകരം മറ്റ് ഏതെങ്കിലും വനത്തിലേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.