'കേരളത്തിലെ 50,000 പെണ്‍കുട്ടികളെ കാണാനില്ല, കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ഓരേസമയം മതംമാറിയ 48 പെണ്‍കുട്ടികള്‍'; കേരളാ സ്‌റ്റോറി പറയുന്ന കള്ളക്കണക്കുകള്‍
സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയുടെ ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ അവകാശപ്പെട്ടിരുന്നത് കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്ത കഥ എന്ന രീതിയിലായിരുന്നു.
പിന്നീട് ഈ ആരോപണം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ട്രെയ്‌ലറിനൊപ്പം നല്‍കിയിരിക്കുന്ന യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ അണിയറപ്രവര്‍ത്തകര്‍ തിരുത്തിയിരുന്നു. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്ന വിവരണം തിരുത്തി മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കിയായിരുന്നു മാറ്റിയിരുന്നത്.
എന്നാല്‍ കണക്കുകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇതിലും വലിയ ആരോപണങ്ങളാണ് സിനിമയില്‍ സംവിധായകന്‍ ഉന്നയിക്കുന്നത്.
കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ എന്ന പേരിലുള്ള ഒരു മതപരിവര്‍ത്തന കേന്ദ്രത്തില്‍ ഒരു സമയം മാത്രം 48 പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിനിരായക്കപ്പെട്ട് കഴിയുന്നതായി സിനിമ പറയുന്നു.
സനിമയുടെ ക്ലൈമാക്‌സിനോടടുത്ത ഒരു സീനില്‍ നിമി എന്ന കഥാപാത്രം പോലീസിനെ മുന്നില്‍ ഇരുത്തി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
‘കേരളത്തില്‍ നിന്ന് 30,000 പെണ്‍കുട്ടികളെ കാണ്മാനില്ല. അനൗദ്യോഗികമായി ആ എണ്ണം 50,000 ആണ്. 703 കേസേ റജിസ്റ്റര്‍ ചെയ്തുള്ളു, 260 പേരെ മാത്രമേ രക്ഷപ്പെടുത്തിയുള്ളു,’ എന്നല്ലാമാണ്. ഇതിന്റെ കാരണം മുസ്‌ലിങ്ങളോടുള്ള ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രീണനമാണെന്നും ഈ കഥാപാത്രം പറയുന്നു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഈ കഥാപാത്രം കോട്ട് ചെയ്യുന്നുണ്ട്. അച്യുതാനന്ദന്‍ പൊപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്തി പറഞ്ഞ ഒരു പ്രസ്താനയുടെ ശകലമെടത്താണ് ഈ പ്രോപ്പഗണ്ടക്ക് ഉപയോഗിക്കുന്നത്.
കേരളത്തില്‍ നിന്നല്ല ലോകമെമ്പാടും നിന്ന് ഐ.എസ്.ഐ.എസിലേക്ക് പോയ ആകെ ആളുകളുടേതായി അനുമാനിക്കുന്ന സംഖ്യ 40,000 ആണ് എന്നിരിക്കെയാണ് 50,000 പെണ്‍കുട്ടികള്‍ മതപരവര്‍ത്തനം ചെയ്യപ്പെട്ട് അഫ്ഗാനിലേക്ക് പോയിട്ടുണ്ടായേക്കാമെന്ന സംശയം കേരള സ്‌റ്റോറി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
ഇന്ത്യന്‍ വംശജരായ 66 പേര്‍ മാത്രമാണ് ഐ.എസ്.ഐ.എസിലുള്ളതെന്ന് 2021ല്‍ പുറത്തുവന്ന
അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് ഉണ്ടാകുമ്പോഴാണ് 50,000ന്റെയും 30,000ന്റെയുമൊക്കെ കണക്ക് പറഞ്ഞ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പ്രത്യക്ഷമായി തന്നെ സിനിമ വിമര്‍ശിക്കുന്നത്.
അങ്ങനെ വസ്തുതയുമായി പുലബന്ധം പോലും ഇല്ലാത്ത ഈ കണക്ക് എങ്ങനെയാണ് ഒരുപാട് ആളുകളുടെ റിയല്‍ സ്‌റ്റോറിയില്‍ നിന്ന് ഇന്‍സ്‌പെയറിങ്ങായി അവതരിപ്പിക്കപ്പെട്ടു എന്ന് എഴുതിക്കാണിച്ച ഒരു സിനിമയില്‍ പച്ചക്ക് പറയാന്‍ കഴിയുന്നതെന്ന
ചോദ്യം ബാക്കിയാകുകയാണ്.
Content Highlight: Special story about Fake figures telling the Kerala story