വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പ്രശ്‌നം അവര്‍ സ്വയം പരിഹരിച്ചു കൊള്ളുമെന്നും ഇരുവിഭാഗവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ വര്‍ഷങ്ങളായി ഉള്ളതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് പരിഹരിച്ച് കൊള്ളുമെന്നും ട്രംപ് പറഞ്ഞു.
ഇരു രാജ്യത്തിന്റേയും നേതാക്കളേയും തനിക്ക് അറിയാമെന്ന് പറഞ്ഞ ട്രംപ് എന്നാല്‍ ഇരുരാജ്യത്തിന്റേയും പ്രധാനമന്ത്രിമാരെ വിളിക്കുമോ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് പ്രതികരിച്ചില്ല. റോമിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് അങ്ങനെ തന്നെയായിരുന്നു. അവരത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കും. എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടെങ്കിലും അവ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.
അതേസമയം പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഇന്നലെ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് നിര്‍ദേശിച്ച ഐക്യരാഷ്ട്രസഭ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
‘ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ, പാകിസ്ഥാന്‍ സര്‍ക്കാരുകളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്,’ യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു.
അതേസമയം ഇന്ത്യ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വീണ്ടും ആക്രമണം നടത്തിയതായി ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു.
കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍.ഒ.സി) വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തതായാണ് വിവരം. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവെപ്പ് ഉണ്ടായത്. പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും മുതിര്‍ന്ന ആര്‍മി ഉദ്യാഗസ്ഥന്‍ പ്രതികരിച്ചു.
Content Highlight: Donald Trump says he will not interfere in India-Pak Issues