World News
പഹല്‍ഗാം ഭീകരാക്രമണം സ്‌പോണ്‍സര്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 06:53 am
Saturday, 26th April 2025, 12:23 pm

വാഷിങ്ടണ്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍. ആക്രമണം നടത്തിയവരെയും സ്പോണ്‍സര്‍മാരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സുരക്ഷാ കൗണ്‍സില്‍ പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഇന്ത്യ-നേപ്പാള്‍ സര്‍ക്കാരിനോടും സുരക്ഷാ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിയമത്തിനും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി കൗണ്‍സിലിലെ എല്ലാ രാജ്യങ്ങളും ഇന്ത്യ-പാക് വിഷയത്തില്‍ സഹകരിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി കൗണ്‍സില്‍ പ്രസിഡന്റും അംബാസിഡറുമായ ജെറോം ബോണഫോണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അറിയിപ്പ്.

15 രാജ്യങ്ങളാണ് സുരക്ഷാ കൗണ്‍സിലിലെ അംഗങ്ങളായിട്ടുള്ളത്. എല്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും സമ്മതത്തോട് കൂടിയാണ് യു.എന്‍ പത്രക്കുറിപ്പിറക്കിയത്. നിലവില്‍ പാകിസ്ഥാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ അംഗമല്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് കൗണ്‍സിലിന്റെ അറിയിപ്പ്.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണെന്നും യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനം കുറ്റകരമാണെന്നും ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയാണെന്നും യു.എന്‍ ആവര്‍ത്തിച്ചു.

ഇന്നലെ (വെള്ളി) നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ് ഇന്ത്യ-പാക് വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ആവശ്യപ്പെടുകയായിരുന്നു.

ഏപ്രില്‍ 22ന് ഉച്ചയോടെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

പിന്നാലെ 1960ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുകയും ചെയ്തിരുന്നു.പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളില്‍ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി.

തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാനും റദ്ദാക്കിയിരുന്നു. വ്യോമമേഖല അടച്ച പാകിസ്ഥാന്‍ ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും അറിയിച്ചിരുന്നു.

Content Highlight: Those who sponsored the Pahalgam terror attack must be brought to justice: UN Security Council