കഴിഞ്ഞ കുറച്ച് ദിവസമായി കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് പുതുവൈപ്പിനിലെ ജനകീയ സമരവും പൊലീസ് നടപടിയും. എന്നാല്‍ 8 വര്‍ഷമായി പുതുവൈപ്പിനില്‍ ഈ സമരസമിതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി ടെര്‍മിനിലിനെതിരെ സമരം ആരംഭിച്ചിട്ട്. ജനവാസ കേന്ദ്രത്തില്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെയാണ് ഇവിടുത്തെ ജനത സമരം ചെയ്യുന്നത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനകീയ സമരത്തെ പൊലീസ് ക്രൂരമായ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മുതലാണ് “പുതുവൈപ്പിനിലെ ജീവിതം” കേരളത്തിന്റെയും പ്രശ്‌നമായത്. സമരത്തെക്കുറിച്ചും സമരസമിതിയുടെ സംഘാടകരെക്കുറിച്ചും നിരവധി അഭ്യൂഹങ്ങളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഇത്തരം അഭ്യൂഹങ്ങളുടെ ചുവട് പറ്റി നിരവധി കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പുതുവൈപ്പിനിലെ സമരസമിതി ചെയര്‍മാന്‍ ജയഘോഷുമായി ഡൂള്‍ന്യൂസ് പ്രതിനിധി ലിജിന്‍ കടുക്കാരം നടത്തിയ അഭിമുഖം
സമരസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴാണ് ആരംഭിച്ചത്?
2010 ല്‍ ആരംഭിച്ചതാണ് ഈ സമരസമിതിയുടെ പ്രവര്‍ത്തനം. അതിനുമുമ്പ് 2009 ല്‍ തന്നെ സമരസമിതി രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് ആ സമിതി ഇല്ലാതാകുകയായിരുന്നു. അതിനുശേഷം വിപുലമായി രൂപീകരിച്ചതാണ് ഇന്നത്തെ ഈ സമരസമിതി. ഈ സമിതിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ എല്ലാ സമരപ്രവര്‍ത്തനങ്ങളും നടക്കുന്നത്.
സമരസമിതി ഈ കാലയളവില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ?
സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത് ഈ കഴിഞ്ഞ ഫെബ്രുവരി 16 മുതലാണ്. അതിനുമുമ്പ് അത്തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. ഇടതുമുന്നണി സര്‍ക്കാരിന് ഞങ്ങള്‍ നല്‍കിയ പരാതിയെ വളരെ പരിഹാസ്യമായ രീതിയിലാണ് സര്‍ക്കാര്‍ കണ്ടിരുന്നത്.
ഞങ്ങള്‍ സര്‍ക്കാരിന് വിഷയത്തില്‍ പരാതി സമര്‍പ്പിച്ചപ്പോള്‍ “ഗ്യാസ് ക്ഷാമം പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ പരാതി സിവില്‍ സപ്ലൈസിനു അയച്ചിരിക്കുന്നു” എന്നുള്ള മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അത്രയും പരിഹാസ്യമായ മറുപടിയാണ് എല്‍.ഡി.എഫ് കൈക്കൊണ്ടത്.
മുഖ്യമന്ത്രിയുമായി ഇതുവരെ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അത് കഴിഞ്ഞ മാസം 11 നായിരുന്നു. അതിനു മുമ്പ് അദ്ദേഹം ചുമതലപ്പെടുത്തി എന്നു പറഞ്ഞ് കൊണ്ടു സഹകരണവകുപ്പ് മന്ത്രി എ.സി മൊയ്തീനുമായി ചര്‍ച്ച നടത്തിയിരുന്നു. ഏപ്രില്‍ 22 നായിരുന്നെന്നാണ് തോന്നുന്നത് അത്. അത് കഴിഞ്ഞ്. മെയ് 11നു മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ സമരസമിതിക്ക് അനുകൂലമായ നിലപാടായിരുന്നോ മുഖ്യമന്ത്രി സ്വീകരിച്ചത്?
ചര്‍ച്ചയില്‍ മുഖ്യമന്ത്രി വാഗ്ദാനങ്ങളൊന്നുമായിരുന്നില്ല തന്നത്. അദ്ദേഹം ഐ.ഒ.സിക്ക് അനുകൂലമായ നിലപാടാണ് അതില്‍ സ്വീകരിച്ചത്. നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല എന്ന പറഞ്ഞ് കൊണ്ടു ഉദ്യാഗസ്ഥരോട് പണി നടത്തിക്കോ എന്നു പറയുകയാണുണ്ടായത്. ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നിലപാടായിരുന്നു അത്.
ഏകദേശം 55 മിനിട്ട് നീണ്ട് നിന്ന ചര്‍ച്ചയായിരുന്നു അത്. കോടതി ഉത്തരവുകള്‍ വായിച്ചു. നിയമവശങ്ങളെല്ലാം പറഞ്ഞു. പക്ഷേ അതൊന്നും നിലവില്‍ വന്നില്ല. മുഖ്യമന്ത്രി ഉദ്യോഗസ്ഥന്‍മാരുടെ ദുര്‍വ്യാഖ്യാനത്തെ സ്വീകരിക്കുകയായിരുന്നു. അവിടുത്തെ ഇന്‍ഡസ്ട്രിയല്‍ സെക്രട്ടറിയായിട്ടുള്ള പോള്‍ ആന്റണി അയാളുടെ വ്യാഖ്യാനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
വ്യവസ്ഥകള്‍ പാലിച്ച് പ്രശ്‌നങ്ങള്‍ നോക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കൊള്ളൂയെന്നായിരുന്നു യോഗത്തിലെ മുഖ്യമന്ത്രിയുടെ നിലപാട്. വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് സര്‍ക്കാരാണ്. സി.ആര്‍.സെഡ് നേക്കേണ്ട ചുമതലയുള്ള വകുപ്പ് “സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്” അത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ്. പക്ഷേ ഒരു ഡിപ്പാര്‍ട്ടമെന്റ് നിയമങ്ങളും നോക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിയാണ് അത് പറഞ്ഞത്. അത് സത്യപ്രതിജ്ഞാ ലംഘനമാണ്.
ഇപ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് അതിക്രമം. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിയ സമരപന്തലാണ് പൊലീസ് പൊളിച്ച് നീക്കിയത്. അത് മാത്രമല്ല അടഞ്ഞു കിടന്നിരുന്ന പ്ലാന്റില്‍ പൈലിങ്ങ് പ്രവര്‍ത്തികള്‍ക്കായി ആളുകളെ കയറ്റുകയും ചെയ്തു.
പൊലീസ് ശക്തമായ രീതിയിലാണ് സമരത്തെ നേരിടുന്നത് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ രണ്ട് തവണ ലാത്തിച്ചാര്‍ജ്ജ് നടന്നു. ഇനി സമരത്തെ ഏത് രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം?
You must read this ‘കെ.ആര്‍ നാരായണനെ പിന്തുണയ്ക്കാതെ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി’ സി.പി.ഐ.എമ്മിനെ ദളിത് വിരുദ്ധരാക്കി ചിത്രീകരിക്കാന്‍ വ്യാജ പ്രചരണവുമായി ഒ. രാജഗോപാല്‍
ഇന്നലെ കോടതിയില്‍ നിന്നു വന്നതിനു ശേഷവും ഞങ്ങള്‍ സമരഭൂമിയില്‍ തന്നെയുണ്ട്. ഉപരോധ സമരം തുടരുക തന്നെ ചെയ്യും. ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം ഹസന്‍ വന്നിരുന്നു. കാനം രാജേന്ദ്രന്‍ സന്ദര്‍ശിക്കാനിരിക്കെയാണ്.
സമരസമിതിയില്‍ ഉള്‍പ്പെട്ട സംഘടനകള്‍ ഏതൊക്കെയാണ്?
പുലയമഹസാഭയുടെ ഹാളില്‍ വെച്ചാണ് സംഘാടകസമിതി യോഗം ചേര്‍ന്നത്. അവര്‍ ഇതിലുണ്ട്, ഇവിടുത്തെ എസ്.എന്‍.ഡി.പിയുടെ സംഘാടകരുണ്ട്, ധീവരസഭയുടെ ആള്‍ക്കാരുണ്ട്. പ്രാദേശികമായ ആള്‍ക്കാര്‍ മാത്രമാണുള്ളത്. പിന്നെ എ.ഐ.വൈ.എഫ് നമുക്ക് ആദ്യമേ എല്ലാ സഹായങ്ങളും ചെയ്ത് തരുന്നുണ്ട്. പൊലീസ് നടപടിയ്ക്ക് മുന്നേ തന്നെ കാനം രാജേന്ദ്രന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇവരൊക്കെ തീവ്രവാദികള്‍ ആണെങ്കില്‍ ഞങ്ങളും തീവ്രവാദികളാണ്. പൊലീസ് നടപടിയ്ക്ക് മുന്നേ ഇവിടെ വന്ന് പിന്തുണയര്‍പ്പിച്ച കാനം തീവ്രവാദി ആണോയെന്ന് എനിക്കറിയില്ല. അവരാണെങ്കില്‍ ഞങ്ങളും അതേ.
പ്ലാന്റിനെക്കുറിച്ച് നാട്ടുകാര്‍ ബോധവാന്മാരല്ലാത്തതിനാലാണ് ഇത്തരം സമരവുമായി മുന്നോട്ട് പോകുന്നതെന്ന് പ്രചരണങ്ങളുണ്ട് ?
യഥാര്‍ത്ഥത്തില്‍ പുതുവൈപ്പിലെ ഐ.ഒ.സിയുടെ നിര്‍മ്മാണത്തെക്കുറിച്ചും ഇതിന്റെ നിയമവശങ്ങളെക്കുറിച്ചും ബോധവാന്മാരല്ലാത്തവരാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത്. കോടതി സി.ആര്‍.സെഡ് അനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനത്തിനാണ് അനുമതി നല്‍കീിയിരിക്കുന്നത്. എന്നാല്‍ ഇവിടെ നടക്കുന്നത് അതല്ല എന്നതാണ് വസ്തുത.
2009 ല്‍ ജയ്പ്പൂരില്‍ ഐ.ഒ.സി പ്ലാന്റില്‍ ഒരപകടം നടന്നിരുന്നു. അതിന്റെ ഫലങ്ങള്‍ നമ്മളെല്ലാവരും നേരില്‍ കണ്ടതാണ്. ആഴ്ചകളോളമാണ് തീയണക്കാന്‍ കഴിയാതെയാണ് ഉദ്യോഗസ്ഥരവിടെ കാഴ്ചക്കാരായത്. ഈ സമയത്ത് തന്നെയാണ് ഇവിടുത്തെ പ്ലാന്റിനും അനുമതി ലഭിക്കുന്നത്.
ആ സമയത്ത് ജയപ്പൂര്‍ അപകടത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഞങ്ങളിവിടെ പ്രചരണംനടത്തിയത്. അപകടത്തിനു ശേഷം കേന്ദ്ര മന്ത്രാലയും പറഞ്ഞത്. സുരക്ഷാ സംവിധാനങ്ങളില്‍ വന്ന വീഴ്ചയാണ് അപകട കാരണമെന്നാണ്. ഇവിടെയിപ്പോള്‍ കോടതി നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ നിര്‍മ്മാണത്തിന് ശ്രമിക്കുമ്പോള്‍ അതിനെ കുറിച്ച് ബോധവാന്മാരാകേണ്ടത് ഉദ്യോഗസ്ഥരാണ്.
ഇപ്പോഴത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും സര്‍ക്കാരും ബോധവാന്മാരാകേണ്ടതുണ്ട്. നാട്ടുകാര്‍ വിഷയത്തെക്കുറിച്ച് ബോധവാന്മാരല്ലെന്ന് പറയുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ ബോധവാന്മാരാക്കേണ്ടത്.
കുട്ടികളെ സമര രംഗത്തേക്ക് ഇറക്കി പൊലീസ് മര്‍ദ്ദനത്തിന്റെ വിഷ്വല്‍സ് സമരക്കാര്‍ തന്നെ സൃഷ്ടിക്കുകയാണെന്ന് ഇന്നലെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു?
പൊലീസ് മര്‍ദ്ദനത്തിന് മാസങ്ങള്‍ക്ക മുമ്പ് തന്നെ കുട്ടികള്‍ സമരം വിളിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. മുന്നേ തന്നെ കുട്ടികളുടെ കളികള്‍ സമരക്കളികളായി മാറിയിരുന്നു. അച്ഛനും അമ്മയും മാസങ്ങളായി ഐ.ഒ.സിക്കെതിരെ സമരവുമായി ഇരിക്കുമ്പോള്‍ സ്വാഭാവികമായും അവരും ഇതില്‍ ചേര്‍ന്നു വരും. അച്ഛനും അമ്മയും സമരത്തിനു വരുമ്പോള്‍ കുട്ടികളും അവരോടപ്പമല്ലേ ഉണ്ടാവുക. അല്ലാതെ അവരെ സമരത്തിനാരും ഇറക്കിയതല്ല.
കുട്ടികള്‍ക്കും അവരുടെ അവകാശങ്ങളെക്കുറിച്ച് പറയാനുള്ള അവകാശമുണ്ടല്ലോ. ഒരു കുട്ടിയെങകിലും ഞങ്ങളെ പ്രേരിപ്പിച്ച് കൊണ്ടുവന്നതാണെന്ന് പറയട്ടെ പിന്നെ ബാലാവകാശ കമ്മീഷനുണ്ടല്ലോ അവര്‍ തെളിവെടുക്കട്ടെ.
സമരത്തെ തകര്‍ക്കാനായിഏകപക്ഷീയമായി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഐ.ഒ.സിയ്ക്ക് അദാനിയുമായി ബന്ധമുണ്ട്. കൊച്ചിയില്‍ ഗ്യാസ് വിതരണം ചെയ്യുന്ന കമ്പനി അദാനി ഐ.ഒ.സിയുമായി ചേര്‍ന്ന് നടത്തുന്നുണ്ട്. ഗുജറാത്തില്‍ മോദിയോടെന്ന പോലെ കേരളത്തില്‍ പിണറായയിയോടും അദാനി പ്രീണിപ്പിക്കല്‍ നടത്തുന്നുണ്ട്. അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതും.
പ്രധാന മന്ത്രി വരുന്ന ദിവസം സമരം നടത്തിയത് തെറ്റായെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു?
അത് തികച്ചും വാസ്തവ വിരുദ്ധമാണ് പ്രധാന മന്ത്രി വരുന്ന ദിവസം അല്ലല്ലോ സമരം നടന്നത് അതിന്റെ തലേ ദിവസമല്ലേ. പ്രധാനമന്ത്രി വരുന്ന സ്ഥലത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നെങ്കില്‍ അന്നായിരുന്നില്ലേ സമരംനടത്തേണ്ടത്.
അങ്ങിനെയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ 14നു സമര പന്തല്‍ പൊളിച്ച് പൊലീസ് പ്രകോപനനത്തിനു തയ്യാറാകന്‍ പാടുണ്ടോ. ഇത് ആസൂത്രിതമായി പൊലീസ് ചെയ്തതാണ്. അടിസ്ഥാന രഹിതമായ ആരോപണമാണത്.