തിരുവനന്തപുരം: വടകര എം.എല്‍.എ കെ. കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം. ബി രാജേഷ്. കെ. കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
‘നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്,’ സ്പീക്കര്‍ പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു കെ. കെ രമ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. എന്നാല്‍ ബാഡ്ജ് ധരിച്ച് എത്തിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി. പി പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
നിയമസഭയ്ക്കുള്ളില്‍ യാതൊരു വിധത്തിലുമുള്ള ബാഡ്ജുകള്‍ ധരിക്കുവാനോ പ്രദര്‍ശിപ്പിക്കുവാനോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാതൃകാപരമായ തീരുമാനം സ്പീക്കര്‍ കൈക്കൊള്ളണമെന്ന് പരാതിയില്‍ ടി. പി പ്രേംകുമാര്‍ ആവശ്യപ്പെടുന്നു.