പട്ടാള നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ച് ദക്ഷിണ കൊറിയ
World News
പട്ടാള നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ച് ദക്ഷിണ കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 8:24 am

സിയോള്‍: രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂര്‍ മാത്രം പിന്നിടവെ നിയമം പിന്‍വലിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോള്‍. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധവും പാര്‍ലമെന്റില്‍ നിയമത്തിന് മുന്‍തൂക്കം ലഭിക്കാത്തതിനാലുമാണ് നിയമം അടിയന്തരമായി പിന്‍വലിച്ചതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വൈ.ടി.എന്‍ ടെലിവിന്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി യുന്‍ സുക് യോള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പാര്‍ലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. രാജ്യത്തെ വഞ്ചിച്ച് അയല്‍രാജ്യത്തെ സഹായിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് പറയുകയുണ്ടായി.

1980ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയ പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. നിയമം ഏര്‍പ്പെടുത്തിയതോടെ പാര്‍ലമെന്റിന്റേയും രാഷ്ട്രീയ കക്ഷികളുടേയും പ്രവര്‍ത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളടക്കം എല്ലാ പ്രസാധകരും സൈന്യത്തിന്റെ അധീനതയില്‍ ആയിരിക്കുമെന്നും യുന്‍ സുക് യോള്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിലെ ഒരു ബില്ലുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. പട്ടാള നിയമം നിലവില്‍ വന്നതോടെ സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു.

ബുധനാഴ്ച രാവിലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് സൈനിക നിയമം ഔദ്യോഗികമായി പിന്‍വലിച്ചത്.

പട്ടാളനിയമത്തിനെതിരെ ഭരണപക്ഷത്ത് നിന്ന് പോലും വലിയ പ്രതിഷേധമാണുയര്‍ന്നത്. സൈനിക നിയമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അസംബ്ലി പെട്ടെന്നുതന്നെ പ്രമേയം പാസാക്കി. സൈനിക ഭരണത്തിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനും പ്രതിപക്ഷം ശ്രമം നടത്തിയിരുന്നു.

അസംബ്ലിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലധികം വോട്ട് ലഭിച്ചാല്‍ ദേശീയ അസംബ്ലിക്ക് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാം. 300 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ മാത്രമാണ് യൂണിന്റെ പാര്‍ട്ടിക്കുള്ളത്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവ ആരോപിച്ച് യൂണിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ മാസങ്ങളായി രാജ്യത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം സൈനിക നിയമം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഡോളറിനെതിരെ കൊറിയന്‍ വോണിന്റെ മൂല്യം കുറഞ്ഞിരുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സെന്‍ട്രല്‍ ബാങ്ക് സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Content Highlight: South Korea withdraws martial law within six hours of declaring it