മിന്നൽ മുരളി 2 തിയേറ്റർ റിലീസ് ?
Entertainment
മിന്നൽ മുരളി 2 തിയേറ്റർ റിലീസ് ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th August 2023, 2:10 pm

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം തിയേറ്റർ റിലീസ് ആയിരിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ. മിന്നൽ മുരളി തീയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നെനും എന്നാൽ കൊവിഡ് കാരണം തിയേറ്ററിൽ 50 ശതമാനം മാത്രം ആളുകൾക്കാണ് ഇരിക്കാൻ കഴിയൂ എന്നുള്ളതുകൊണ്ടും ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തതാണെന്ന് സോഫിയ പറഞ്ഞു. സൈന സൗത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സോഫിയ പോൾ.

‘മിന്നൽ മുരളി 2 സംഭവിച്ചാൽ അത് ഉറപ്പായും തിയേറ്റർ റിലീസ് ആയിരിക്കും. കൊവിഡ് വന്നപ്പോൾ തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ മാത്രമാണ് ഉൾക്കൊള്ളിക്കാൻ പറ്റുമായിരുന്നുള്ളു. അത്രയും രൂപ മുടക്കിയിട്ട് ആളുകൾ അത് ഫുൾ കപ്പാസിറ്റിയിൽ തന്നെ കാണണമായിരുന്നു.

അത് ശരിക്കും തിയേറ്ററിൽ തന്നെ ഇറക്കാൻ ഇരുന്ന ചിത്രമായിരുന്നു. കൊവിഡ് വന്ന സാഹചര്യത്തിൽ അത് നെറ്റ്ഫ്ലിക്സിന് കൊടുത്തെന്നേയുള്ളു. പക്ഷെ ഒരു മലയാളം സിനിമക്കും കിട്ടാത്ത ഗ്ലോബൽ അറ്റൻഷൻ കിട്ടി. ചിലപ്പോൾ തിയേറ്ററിൽ ആയിരുന്നു റിലീസെങ്കിൽ ആ സ്വീകരണം കിട്ടില്ലായിരുന്നു.

ബേസിലിന് പോലും മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് കിട്ടി. അതൊക്കെ ആദ്യമായിട്ടാണ് മലയാളത്തിൽ നിന്നൊരാൾക്ക് കിട്ടുന്നത്. അത്തരത്തിൽ ഒരുപാട് അംഗീകാരങ്ങൾ ആ ചിത്രത്തിലൂടെ നമുക്ക് കിട്ടി.

ഇനി മിന്നൽ മുരളിയുടെ കോമിക് വരും. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി ഡിസ്കസ് ചെയ്താണ് അത് അമർചിത്രകഥയാക്കുന്നത്. മിന്നൽ മുരളി ഇനി ലൈവ് ആണ്. ഇനി കോമിക്സിലൂടെയാണ് കാണാൻ പോകുന്നത്,’ സോഫിയ പോൾ പറഞ്ഞു.

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഒന്നാം ഭാഗത്തിനേക്കാൾ മുകളിൽ ആയിരിക്കുമെന്നും ഇന്ത്യയിലെ തന്നെ പ്രമുഖ അഭിനേതാക്കൾക്കും മിന്നൽ മുരളി ഇഷ്ടമാണെന്ന് കേൾക്കുന്നത് അഭിമാനമാണെന്നും സോഫിയ പറഞ്ഞു.

‘മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഇതുവരെ ഒരു സ്റ്റോറിയായിട്ട് സെറ്റ് ചെയ്തിട്ടില്ല. എന്തായാലും ഒന്നാം ഭാഗത്തിനേക്കാൾ മുകളിലായിരിക്കും രണ്ടാം ഭാഗം. വന്നാൽ അതൊരു വലിയ സിനിമയായിരിക്കും.

ഒരിക്കൽ നെറ്റ്ഫ്ലിക്സിന്റെ ഒരു ഇവന്റിന് പോയപ്പോൾ മിന്നൽ മുരളി എന്ന് പറഞ്ഞപ്പോൾ തന്നെ നടൻ രാജ്‌കുമാർ റാവുവിന്റെയൊക്കെ മുഖത്ത് അത്ഭുതം കണ്ടു. ‘വീ ലവ് മിന്നൽ മുരളി’ എന്നൊക്കെ പറയുമ്പോൾ അഭിമാനമാണ്,’ സോഫിയ പോൾ പറഞ്ഞു.

Content Highlights: Sophia Paul on  Minnal Murali 2 release