സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകാരന്മാരില്‍ ഒരാളായ എം.ടി വാസുദേവന്‍ നായര്‍ രചിച്ച നോവലാണ് രണ്ടാമൂഴം. ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലായ രണ്ടാമൂഴം സിനിമയാകുന്നു എന്ന് അനൗണ്‍സ് ചെയ്തത് 2017ലായിരുന്നു. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഭീമനായി അവതരിക്കുന്നത് കാണാന്‍ ആരാധകര്‍ അന്നുതൊട്ട് കാത്തിരിക്കുകയാണ്.
ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെയടുത്ത് നിന്ന് എം.ടി സ്‌ക്രിപ്റ്റ് തിരികെ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. രണ്ടാമൂഴം ഉറപ്പായും സിനിമയാകുമെന്ന് പറയുകയാണ് എം.ടിയുടെ മകള്‍ അശ്വതി വി. നായര്‍. 12 വര്‍ഷത്തെ റിസര്‍ച്ചിന് ശേഷമാണ് എം.ടി രണ്ടാമൂഴം എന്ന നോവല്‍ പൂര്‍ത്തിയാക്കിയതെന്ന് അശ്വതി പറഞ്ഞു.
ആ നോവല്‍ സിനിമയാക്കണമെന്ന് എം.ടിയുടെ വലിയ ആഗ്രഹമാണെന്നും അത് പൂര്‍ത്തിയാക്കപ്പെടുമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. എം.ടിക്ക് കൂടി ധാരണയുള്ള ഒരാളെ ആ സ്‌ക്രിപ്റ്റ് ഏല്‍പിച്ചിട്ടുണ്ടെന്നും അധികം വൈകാതെ സിനിമ അനൗണ്‍സ് ചെയ്തിട്ടുണ്ടെന്നും അശ്വതി വി. നായര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത രീതിയില്‍ ആ സിനിമ വരണമെന്നും അശ്വതി പറയുന്നു.
2020 മുതല്‍ അതിന്റെ ശ്രമങ്ങളും മറ്റ് കാര്യങ്ങളും ആരംഭിച്ചിരുന്നെന്നും എന്നാല്‍ കൊവിഡ് കാരണം എല്ലാം മുടങ്ങിയെന്നും അശ്വതി വി. നായര്‍ പറഞ്ഞു. സിനിമ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് നാല് വര്‍ഷത്തോളം വേണ്ടി വരുമെന്നും അശ്വതി പറഞ്ഞു. അതിന്റെ പ്രൊഡക്ഷനില്‍ താന്‍ ഭാഗമായേക്കില്ലെന്നും അശ്വതി പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അശ്വതി വി. നായര്‍.
’12 വര്‍ഷം റിസര്‍ച്ച് ചെയ്ത ശേഷമാണ് അച്ഛന്‍ രണ്ടാമൂഴം പൂര്‍ത്തിയാക്കിയത്. രണ്ടാമൂഴം സിനിമയാക്കണമെന്ന് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. അതിന്റെ സ്‌ക്രിപ്‌റ്റൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആ ആഗ്രഹം എന്തായാലും നടത്തും. ഇതുവരെ ഇന്ത്യന്‍ സിനിമ കാണാത്ത രീതിയില്‍ വലിയൊരു സിനിമയായി വരണം. 2020 മുതല്‍ അതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങിയിരുന്നു.
എന്നാല്‍ കൊവിഡ് കാരണം അതെല്ലാം ചെറുതായി തടസ്സപ്പെട്ടു. അച്ഛനും കൂടി ധാരണയുള്ള ഒരാളെ സ്‌ക്രിപ്റ്റ് ഏല്‍പ്പിച്ചിട്ടുണ്ട്. അയാള്‍ തന്നെ രണ്ടാമൂഴം സംവിധാനം ചെയ്യും. അധികം വൈകാതെ അനൗണ്‍സ്‌മെന്റുണ്ടാകും. പക്ഷേ, ആ സിനിമ കംപ്ലീറ്റാകാന്‍ നാല് വര്‍ഷം എടുക്കും. അതിന്റെ പ്രൊഡക്ഷനില്‍ ഭാഗമാകില്ല. മനോരഥങ്ങളില്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറായാണ് വര്‍ക്ക് ചെയ്തത്,’ അശ്വതി വി. നായര്‍ പറഞ്ഞു.
Content Highlight: Aswathy V Nair saying Randamoozham movie will announce soon