IPL
കൊടുങ്കാറ്റിനെ തടഞ്ഞ വിക്കറ്റില്‍ പിറന്നത് ചരിത്രം; 46 ഫസ്റ്റ് ഓവര്‍ വിക്കറ്റുകളുമായി സൂപ്പര്‍ റസല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 26, 05:07 pm
Saturday, 26th April 2025, 10:37 pm

ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ രണ്ടാം എന്‍കൗണ്ടറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 202 റണ്‍സിന്റെ വിജയലക്ഷ്യവുമായി പഞ്ചാബ് കിങ്സ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യയുടെയും പ്രഭ്സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.

 

ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകതെട്ടുമായി കുതിച്ച പ്രഭ്‌സിമ്രാന്‍ സിങ് – പ്രിയാന്‍ഷ് കൂട്ടുകെട്ടിന് അവസാനം കുറിച്ചത് ആന്ദ്രേ റസലാണ്. പ്രിയാന്‍ഷ് ആര്യയെ വൈഭവ് അറോറയുടെ കൈകളിലെത്തിച്ച് മടക്കിയാണ് ഹോം ടീമിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

ഇന്നിങ്‌സിലെ തന്റെ ആദ്യ ഓവറില്‍ തന്നെയാണ് റസല്‍ വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഫസ്റ്റ് ഓവര്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും റസലിന് സാധിച്ചു.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫസ്റ്റ് ഓവര്‍ വിക്കറ്റ് നേടുന്ന താരം

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

പിയൂഷ് ചൗള – 48

ആന്ദ്രേ റസല്‍ – 46*

ആര്‍. അശ്വിന്‍ – 45

യൂസ്വേന്ദ്ര ചഹല്‍ – 44

ഡ്വെയ്ന്‍ ബ്രാവോ – 38

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിനായി ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാനും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ പ്രിയാന്‍ഷിനെ മടക്കി ആന്ദ്രേ റസല്‍ ബ്രേക് ത്രൂ നല്‍കി. 35 പന്തില്‍ 69 റണ്‍സുമായി നില്‍ക്കവെ വൈഭവ് അറോറക്ക് ക്യാച്ച് നല്‍കിയാണ് കളം വിട്ടത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനൊപ്പം രണ്ടാം വിക്കറ്റില്‍ 40 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ശേഷം പ്രഭ്‌സിമ്രാനും മടങ്ങി. 49 പന്തില്‍ 83 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ സ്വന്തമാക്കിയത്.

മാക്‌സ്‌വെല്ലും മാര്‍കോ യാന്‍സെനും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 25 റണ്‍സും ജോഷ് ഇംഗ്ലീസ് ആറ് പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു.

ഒടുവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 201ലെത്തി.

കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഓവറില്‍ ഏഴ് റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തി മത്സരം തടസ്സപ്പെട്ടിരിക്കുകയാണ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നേഹല്‍ വധേര, ഗ്ലെന്‍ മാക്‌സ് വെല്‍, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കോ യാന്‍സെന്‍, സൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

സുനില്‍ നരെയ്ന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റോവ്മന്‍ പവല്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, വൈഭവ് അറോറ, ചേതന്‍ സ്‌കറിയ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: IPL 2025: KKR vs PBKS: Andre Russel becomes the 2nd bowler to get most first over wicket in IPL history