IPL
പഞ്ചാബ് vs കൊല്‍ക്കത്ത: എന്തുകൊണ്ട് ഡക്ക്‌വര്‍ത്ത്-ലൂയീസ് നിയമം ഉപയോഗിച്ചില്ല? വിജയികളുണ്ടാകുമായിരുന്നില്ലേ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 26, 06:13 pm
Saturday, 26th April 2025, 11:43 pm

ഐ.പി.എല്‍ 2025ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പഞ്ചാബ് കിങ്‌സ് മത്സരം ഉപേക്ഷിച്ചിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.

പഞ്ചാബ് ഇന്നിങ്‌സിന് ശേഷം കൊല്‍ക്കത്ത ബാറ്റിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മഴയെത്തിയത്. കൊല്‍ക്കത്ത ഇന്നിങ്‌സില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു കാലാവസ്ഥ പ്രതികൂലമായത്. മഴ മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷകളും മഴയില്‍ ഒലിച്ചുപോവുകയായിരുന്നു.

ഈ മത്സരത്തില്‍ എന്തുകൊണ്ട് ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമം ഉപയോഗിച്ചില്ല എന്ന സംശയം ആരാധകരില്‍ ചിലര്‍ക്കെങ്കിലുമുണ്ടായിരിക്കും. മഴനിയമത്തിലൂടെ വിജയികളെ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം.

എന്നാല്‍ എന്തുകൊണ്ടാണ് ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം ഉപയോഗിക്കാതിരുന്നത്? മത്സരത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതുതന്നെ കാരണം.

ടി-20യില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇരു ടീമുകളും ഏറ്റവും ചുരുങ്ങിയത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം (ഏകദിനത്തില്‍ ഇത് 20 ഓവര്‍ വീതം). കൊല്‍ക്കത്ത ഒറ്റ ഓവര്‍ മാത്രമേ ബാറ്റ് ചെയ്തിരുന്നുള്ളൂ എന്ന കാരണത്താലാണ് ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കാതെ പോയത്.

ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

മത്സരത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിനായി ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാനും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ പ്രിയാന്‍ഷിനെ മടക്കി ആന്ദ്രേ റസല്‍ ബ്രേക് ത്രൂ നല്‍കി. 35 പന്തില്‍ 69 റണ്‍സുമായി നില്‍ക്കവെ വൈഭവ് അറോറക്ക് ക്യാച്ച് നല്‍കിയാണ് കളം വിട്ടത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനൊപ്പം രണ്ടാം വിക്കറ്റില്‍ 40 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ശേഷം പ്രഭ്‌സിമ്രാനും മടങ്ങി. 49 പന്തില്‍ 83 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ സ്വന്തമാക്കിയത്.

മാക്‌സ്‌വെല്ലും മാര്‍കോ യാന്‍സെനും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 25 റണ്‍സും ജോഷ് ഇംഗ്ലീസ് ആറ് പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു.

ഒടുവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 201ലെത്തി.

കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ മത്സരത്തിന് പിന്നാലെ ഒമ്പത് മത്സരത്തില്‍ വനിന്നും 11 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി. ഏഴ് പോയിന്റുമായി കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ്.

ഏപ്രില്‍ 30നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് അടുത്ത മത്സരത്തില്‍ കൊല്‍ക്കയ്ക്ക് നേരിടാനുള്ളത്. ഏപ്രില്‍ 29ന് നടക്കുന്ന മത്സരത്തിന് ദല്‍ഹിയാണ് വേദിയാകുന്നത്.

 

Content Highlight: IPL 2025: KKR vs PBKS: Why Duckworth-Lewis law is not used