ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരില്‍ ഒരാളുടെ വീടും കൂടി ബോംബ് വെച്ച് തകര്‍ത്തു. ഫാറൂഖ് അഹമ്മദിന്റെ കുപ് വാരയിലെ വീടാണ് ബോംബ് വെച്ച് തകര്‍ത്തത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ആറാമത്തെ വീടാണ് തകര്‍ക്കുന്നത്. ഫാറൂഖിന്റെ വീട് കൂടാതെ മറ്റ് ഭീകരരുടെ വീടുകളും നേരത്തെ തകര്‍ത്തിരുന്നു. ഇനിയും തകര്‍ക്കലുകളുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.
അനന്ത്നാഗ് ജില്ലയിലെ തോക്കര്‍പൂരയില്‍ നിന്നുള്ള ആദില്‍ അഹമ്മദ് തോക്കര്‍, പുല്‍വാമയിലെ മുറാനില്‍ നിന്നുള്ള അഹ്സന്‍ ഉള്‍ ഹഖ് ഷെയ്ഖ്, ത്രാലില്‍ നിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, ഷോപിയാനിലെ ചോട്ടിപോരയില്‍ നിന്നുള്ള ഷാഹിദ് അഹമ്മദ് കുട്ടായ്, കുല്‍ഗാമിലെ മതല്‍ഹാമയില്‍ നിന്നുള്ള സാഹിദ് അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും അവയില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ കശ്മീരി സ്വദേശികളും ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുമായ രണ്ട് പേരുടെ വീടുകള്‍ കൂടി ഇന്ന് അധികൃതര്‍ തകര്‍ത്തിരുന്നു. അഫ്‌സാന്‍ ഉള്‍ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവര്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രാദേശിക ഭരണകൂടം നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭീകരാക്രമണത്തിലെ മൂന്ന് പ്രതികളില്‍ ഒരാളായ ദക്ഷിണ കശ്മീരിലെ ത്രാലിലുള്ള ആദില്‍ ഹുസൈന്‍ തോക്കറിന്റെ വീടും ആസിഫ് ഫൗജി എന്ന ആസിഫ് ഷെയ്ഖിന്റെ വീടുമാണ് തകര്‍ക്കപ്പെട്ടത്.
ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ തകര്‍ത്തത്.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ആസിഫ് ഷെയ്ഖ്, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുടെ രേഖാചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീടുകള്‍ തകര്‍ത്തുകൊണ്ടുള്ള നടപടി.
പഹല്‍ഗാമിലെ ആക്രമണത്തെ തുടര്‍ന്ന് ഭീകരരുടെ കുടുംബാംഗങ്ങള്‍ വീട് ഉപേക്ഷിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വീടുവിട്ടിറങ്ങിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.
Content Highlight: Pahalgam terror attack; House of one more Lashkar-e-Taiba terrorist demolished