Entertainment
ദുല്‍ഖറും പെപ്പെയും മാത്രമല്ല, ഐ ആം ഗെയിം കളറാക്കാന്‍ തമിഴിലെ മികച്ച നടന്മാരില്‍ ഒരാള്‍ കൂടെയുണ്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 05:04 pm
Saturday, 26th April 2025, 10:34 pm

മലയാളത്തിലെ മികച്ച ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം പല കളക്ഷന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ഇവിടങ്ങളില്‍ മികച്ച ഫാന്‍ ബേസും ദുല്‍ഖര്‍ സൃഷ്ടിച്ചിട്ടുണ്ട്.

കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അന്യഭാഷകളില്‍ ശ്രദ്ധ നല്‍കിയ ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മലയാളസിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള ട്രീറ്റ്‌മെന്റാണ് ചിത്രത്തിന്റേതെന്ന് റൂമറുകളുണ്ടായിരുന്നു. ഫാന്റസി, ഗെയിം, ആക്ഷന്‍ ഴോണറുകള്‍ മിക്‌സ് ചെയ്തുകൊണ്ടാണ് നഹാസ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ തമിഴ് താരം കതിറും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ നടനാണ് കതിര്‍. തമിഴ് താരം എസ്.ജെ. സൂര്യ ഐ ആം ഗെയിമിന്റെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഐ ആം ഗെയിമിന് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖറിന്റെ അടുത്ത പ്രൊജക്ട്. സ്‌പോര്‍ട്‌സ് ഡ്രാമയായാണ് ഈ ചിത്രവും ഒരുങ്ങുന്നത്. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കി ബീച്ച് റേസിങ്ങിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നവാഗതനായ സെല്‍വമണി സെല്‍വരാജ് ഒരുക്കുന്ന കാന്തയാണ് ദുല്‍ഖറിന്റെ അടുത്ത തിയേറ്റര്‍ റിലീസ്. തമിഴ്‌നാട്ടിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ കഥയാണ് ചിത്രം പറയുന്നത്. റാണാ ദഗ്ഗുബട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഭാഗ്യശ്രീ ബോസാണ് ചിത്രത്തിലെ നായിക. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Reports that Tamil actor Kathir might be part of Dulquer Salmaan’s I’m Game