Entertainment
ഈ ട്രോള്‍ ഡയലോഗ് കൂടെ നമുക്ക് ചേര്‍ത്താലോ എന്ന് ലാലേട്ടന്‍ ചോദിക്കുകയായിരുന്നു, ഞങ്ങള്‍ അതൊട്ടും പ്രതീക്ഷിച്ചില്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 05:28 pm
Saturday, 26th April 2025, 10:58 pm

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുമിച്ച് ഒരു സിനിമയില്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ച ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി എന്ന യുവ സംവിധായകന്റെ കൈയില്‍ മോഹന്‍ലാലിനെപ്പോലൊരു അഭിനയ പ്രതിഭയെ കിട്ടിയപ്പോള്‍ ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവമായി തുടരും മാറി.

ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒന്നായിരുന്നു മോഹന്‍ലാലിന്റെ സെല്‍ഫ് ട്രോള്‍ ഡയലോഗുകള്‍. സിനിമയുടെ കാലം മാറിയതനുസരിച്ച് ഇപ്പോള്‍ വരുന്ന ട്രോളുകളെ വളരെ രസകരമായി മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചു. ‘കഞ്ഞിയെടുക്കട്ടെ’, ‘വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടക്കുന്നു’, ‘ഇതൊക്കെ ഓരോ മേക്ക് ബിലീഫല്ലേ’ തുടങ്ങിയ ഡയലോഗുകള്‍ തിയേറ്ററുകളില്‍ കൈയടി നേടി.

ഇപ്പോഴിതാ ചിത്രത്തിലെ ‘വെട്ടിയിട്ട വാഴത്തണ്ട്’ എന്ന ഡയലോഗ് മോഹന്‍ലാലിന്റെ സജഷനായിരുന്നെന്ന് പറയുകയാണ് നടനും ചിത്രത്തിന്റെ കോ ഡയറക്ടറുമായ ബിനു പപ്പു. ‘കഞ്ഞിയെടുക്കട്ടേ’ എന്ന ഡയലോഗ് മാത്രമേ സ്‌ക്രിപ്റ്റിലുണ്ടായിരുന്നുള്ളൂവെന്ന് ബിനു പപ്പു പറഞ്ഞു. ട്രോള്‍ ഡയലോഗായതിനാല്‍ മോഹന്‍ലാല്‍ അത് പറയാന്‍ സമ്മതിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് അതൊന്നും പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ബിനു പ്പു കൂട്ടിച്ചേര്‍ത്തു.

‘വെട്ടിയിട്ട വാഴത്തണ്ട്’ എന്ന ഡയലോഗ് കൂടെ ചേര്‍ത്താല്‍ നന്നാകില്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും തങ്ങള്‍ അത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നെന്നും ബിനു പപ്പു പറഞ്ഞു. സ്വയം ട്രോളാന്‍ മോഹന്‍ലാലിനെപ്പോലൊരു നടന്‍ തയാറാകുക എന്നത് വലിയ കാര്യമാണെന്നും ബിനു പപ്പു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘ഈ പടത്തില്‍ ശോഭന മാമിനെക്കൊണ്ട് കഞ്ഞിയെടുക്കട്ടേ എന്ന് ചോദിപ്പിച്ചത് തരുണിന്റെ ഐഡിയയായിരുന്നു. ഒരു ട്രോള്‍ പോലെയാകുമല്ലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാല്‍ സാര്‍ ഇത് എങ്ങനെയെടുക്കുമെന്ന ടെന്‍ഷുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ‘ആഹാ, ഇത് കൊള്ളാമല്ലോ’ എന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്.

കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോള്‍ എനിക്കും തരുണിനും ആശ്വാസമായി. അപ്പോഴാണ് ലാലേട്ടന്‍ ‘മോനേ, നമുക്ക് ആ ‘വെട്ടിയിട്ട വാഴത്തണ്ട്’ ഡയലോഗ് കൂടെ ചേര്‍ത്താലോ, ഈ ക്യാരക്ടര്‍ കിടക്കുകയല്ലേ, നന്നായിരിക്കും’ എന്ന് പറഞ്ഞത്. ഞങ്ങള്‍ അത് തീരെ പ്രതീക്ഷിച്ചില്ല. സംഗതി പുള്ളി സ്വയം ട്രോളുകയാണ്. അതില്‍ ഫണ്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സ്വയം ട്രോളാന്‍ അദ്ദേഹത്തെപ്പോലൊരു നടന്‍ തയാറാകുന്നത് വലിയ കാര്യമാണ്,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Binu Pappu about Mohanlal’s self troll dialogue in Thudarum movie