മീന്‍ പിടിക്കുന്ന മുക്കുവരുടെ അടുത്ത് ചെന്ന് അവന്‍ പറഞ്ഞു. നിങ്ങള്‍ എന്റെ കൂടെ വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം… മീന്‍ വലകളുപേക്ഷിച്ച് അവര്‍ അവന്റെ പിന്നാലെ നടന്നു…
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
“നിങ്ങള്‍ കീ ബോര്‍ഡില്‍ സക്കീര്‍ ഹുസൈനെപ്പോലെ തബല വായിക്കുന്നു”വെന്ന കൂട്ടുകാരന്റെ പ്രശംസയുടെ ആഹ്ലാദത്തില്‍ മുങ്ങി ഞാന്‍ ഒരു ലെറ്റര്‍ റ്റൈപ്പ് ചെയ്യവേ; മുറിയിലേക്ക് കടന്നു വന്ന മീന്‍ നാറ്റത്തിനൊപ്പം ഒരാള്‍ മുറിയിലേക്ക് കയറി. മീന്‍ പിടിക്കാന്‍ പോകുന്നവരുമായ് വല്ലാത്തൊരു ആത്മ ബന്ധം ഉള്ളതിനാല്‍ അവരില്‍ ചിലരൊക്കെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും സ്‌നേഹാന്വേഷണങ്ങള്‍ നടത്താറുമുണ്ട്..” ഒരു പാസ് പോര്‍ട്ട് കോപ്പി മെയില്‍ ചെയ്തിട്ടുണ്ട് ഒരു കോപ്പി എടുത്തു തരുമോ” ? ഞാന്‍ തല ഉയര്‍ത്തി നോക്കി…. പരിചയമില്ലാത്തൊരാള്‍…..[]
ശരിയെന്ന് പറഞ്ഞ് ഞാന്‍ മെയില്‍ തിരയാന്‍ പോകവേ, അയാള്‍ ചോദിച്ചു.. ആഹാ ധാരാളം പുസ്തകങ്ങളുണ്ടല്ലോ.. പുസ്തകങ്ങളുടെ കാര്യത്തില്‍ ഞാനൊരു ബൂര്‍ഷ്വയെന്ന് സ്വയം അഹങ്കരിച്ച് ഞാന്‍ പാസ് പോര്‍ട്ട് കോപ്പിയില്‍ പ്രിന്റടിക്കാനുള്ള ബട്ടന്‍ ഞെക്കി…
“എമിലി ബ്രോണ്ടി, ഹോ!! ഇതുവരെ ഇവരെ ഞാന്‍ വായിച്ചിട്ടില്ല…. ഈ പുസ്തകമെനിക്കൊന്നു തരുമോ..?”
ഒരു നിമിഷം എന്റെ കൈകള്‍ നിശ്ചലമാകുകയും ഞാന്‍ ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കുകയും ചെയ്തു.. ഇടതൂര്‍ന്ന താടിമീശ ഭംഗിയായ് വെട്ടിയൊതുക്കിയിരിക്കുന്നു… പ്രകാശം പൊഴിക്കുന്ന കണ്ണുകള്‍, നീണ്ട മുക്ക്… അയാള്‍ എന്നെ സ്‌നേഹത്തോടെ നോക്കുകയാണ്
ഞാന്‍ പറഞ്ഞു “തരാല്ലോ…, ഏത് പുസ്തകം വേണമെങ്കിലും നിങ്ങള്‍ക്കെടുക്കാം…”
“പേള്‍.എസ് ബക്കിന്റെ പുസ്തകം എന്റെ കൈയ്യിലുണ്ട്. അതുപോലെ കിഴവനും കടലും…. ഞാന്‍ അത് കൊണ്ടുവന്ന് തരാം…”
ഞാന്‍ ചിരിച്ച് പറഞ്ഞു “ആയിക്കോട്ടെ ഇപ്പോള്‍ ആവശ്യമുള്ള പുസ്തകം എടുത്തോളൂ..”
“അതു വേണ്ട, ഞാന്‍ പുസ്തകം കൊണ്ടുവരുമ്പോള്‍ മതി.” ഞാന്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി…..അയാള്‍ എന്നെയും…
മീന്‍ പിടിക്കുന്ന മുക്കുവരുടെ അടുത്ത് ചെന്ന് അവന്‍ പറഞ്ഞു. നിങ്ങള്‍ എന്റെ കൂടെ വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം… മീന്‍ വലകളുപേക്ഷിച്ച് അവര്‍ അവന്റെ പിന്നാലെ നടന്നു… പോകുന്ന പോക്കില്‍ മരിച്ചയൊരാളെ സംസ്‌ക്കരിക്കുന്നതിനെക്കുറിച്ച് അവര്‍ അവനോട് പറഞ്ഞു… മരിച്ചവര്‍ മരിച്ചവരെ സംസ്‌ക്കരിച്ചുകൊള്ളുമെന്ന് പറഞ്ഞ് അവന്‍ കടല്‍ മണലിലൂടെ നടന്നു..
അവനു കാല്‍ക്കീഴില്‍ ഞെരിഞ്ഞ മണല്‍ത്തരികള്‍ ആഹ്ലാദപൂര്‍വ്വം ആ കാലടികള്‍ ഏറ്റു വാങ്ങി… പകലിലൂടെ നടന്ന് അവര്‍ രാത്രിയിലേക്ക് കടക്കുകയും അവന്‍ അവരെ നിലാവുള്ള രാത്രിയുടെ മാറിലിരുത്തി, സ്വയം നഷ്ടപ്പെട്ട് ദൂരെയൊരിടത്തിരിക്കുകയും, പിന്നീട് തിരിച്ച് വന്ന് അവരോട് സംസാരിക്കുകയും ചെയ്തു… വാക്കുകള്‍ വിശപ്പും ദാഹവും അകറ്റുമെന്ന് അവര്‍ തിരിച്ചറിഞ്ഞു…
“എവിടാ സ്ഥലം?” ഞാന്‍ ചോദിച്ചു..?
“കോഴിക്കോട് ?”
“പേര്.?”
“രഹ് മാന്‍..”
കടലിലേക്ക് വഞ്ചി തള്ളിയിറക്കുമ്പോള്‍ സാന്റിയാഗോയുടെ മനസ്സില്‍ കടലില്‍ നീന്തിത്തിമിര്‍ക്കുന്നൊരു വമ്പന്‍ സ്രാവായിരുന്നു… സ്വപ്നം പോലെ കിഴവനത് സാധിക്കുകയും ചെയ്തു… സ്വപ്നം അടര്‍ന്നപ്പോള്‍ കിഴവന്‍ കടല്‍ത്തീരത്ത് കാറ്റുകൊണ്ട് വിശ്രമിച്ചു രസിച്ചു…
കടലൊരു മഹാല്‍ഭുതമെന്ന് തിരിച്ചറിഞ്ഞത് പാഠ പുസ്തകങ്ങളില്‍ നിന്നല്ല; കടല്‍ പണിക്കാരില്‍ നിന്നാണ്. ഇത്രയും ആഹ്ലാദത്തോടെ ജീവിതം നയിക്കുന്നവരെ ഞാന്‍ അധികമൊന്നും കണ്ടിട്ടില്ല. മീന്‍ പിടിക്കാന്‍ പോകുന്നവരെ കണ്ടാല്‍ ഞാന്‍ മനസ്സില്‍ പറയും.. നിന്റെ വല നിറയെ നിറയെ മീന്‍ കിട്ടട്ടെ…
പോയി വന്നവരോട് ഞാന്‍ ചോദിക്കും “അണ്ണാ എത്രെ മീന്‍ കെടച്ചാച്ചൂ..?”വല നിറഞ്ഞാല്‍ മനസ്സ് നിറഞ്ഞ് അവര്‍ പറയും “നിറയെ കെടച്ചാച്ചൂ… പന്ത്രണ്ടായിരത്തിനു വിറ്റൂ… !” അപ്പോള്‍ എന്റെയൂം മനസ്സ് നിറയും.
വലയെറിയുന്ന കൈകള്‍ കരുത്തുറ്റതാണ്. അവരുടെ മനസ്സ് നേര്‍മ്മയുള്ളതും ….. കള്ളത്തരത്തിന്റെ പാഠങ്ങളൊന്നും പഠിക്കാത്തവര്‍… ! തലേന്ന് കള്ളുകുടിച്ച് വഴക്ക് കൂടി, പിറ്റേന്ന് വലിയൊരു പാത്രത്തില്‍ ചോറു വിളമ്പി ഒരുമിച്ചുണ്ണുന്നവര്‍…
കരയില്‍ വസിക്കുന്നവന്‍ പഠിക്കുന്നതിനെക്കാള്‍ സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷ അവരെ കടല്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ആന്റണി പറഞ്ഞതുപോലെ “ലോകത്തിന്റെ ഏത് കോണില്‍ പോയാലും കടല്‍ ഉണ്ടെങ്കില്‍ കടലമ്മ ഞങ്ങളെ പോറ്റിക്കൊള്ളും… !” ശരിയാണ് ഇത്രക്ക് ധീരമായ് ജീവിതത്തില്‍ നിസ്സംഗരായിരിക്കാന്‍ ആര്‍ക്കാണു സാധിക്കുക ? മനുഷ്യനും കടലും തമ്മിലുള്ള ആഴമാര്‍ന്ന ഈ ബന്ധത്തിനപ്പുറം എന്തൊരു ബന്ധമാണുള്ളത് ?
കടലൊരു മഹാല്‍ഭുതമെന്ന് തിരിച്ചറിഞ്ഞത് പാഠ പുസ്തകങ്ങളില്‍ നിന്നല്ല; കടല്‍ പണിക്കാരില്‍ നിന്നാണ്
രഹ് മാന്‍ എന്നെ നോക്കിയിരിക്കുന്നു… പ്രിന്റെടുത്തിട്ടും ഇതുവരെ ഞാന്‍ അത് അയാള്‍ക്ക് നല്‍കിയിട്ടില്ല..
“ഇനിയും വരണേ…” ഞാന്‍ വിളിച്ചൂ..
“ഉം..!തീര്‍ച്ചയായും ഞാന്‍ പുസ്തകങ്ങളുമായ് വരാം….” വാക്കുകളില്‍ സ്‌നേഹത്തിരയിളക്കം.
അയാള്‍ മെല്ലെ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…
ഇയാള്‍ വല വീശുമ്പോള്‍ ആ വലയിലേക്ക് മീനുകള്‍ ഓടിക്കയറില്ലേ ? കടല്‍ പരപ്പിലൂടെ ശാന്തമായ മിഴികളുമായ് ഇയാള്‍ ബോട്ടില്‍ സഞ്ചരിക്കുന്ന രാവുകള്‍… കടലും ഇരുളും തമ്മില്‍ ചേരുന്ന നിമിഷങ്ങളില്‍ ഇയാള്‍ തന്റെ പ്രിയയെക്കുറിച്ചോര്‍ത്ത് കവിതകള്‍ പൂക്കുന്ന മനസ്സുമായ് ബോട്ടിന്റെ സൈഡിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ടാട്ടി കടലിന്റെ താളത്തിലിരിക്കില്ലേ..?
കടല്‍ മണം മൂക്കിലേക്ക് ആവാഹിക്കുമ്പോള്‍ ഇയാള്‍ കരുതുമോ ഇത് കടലിന്റെ വിയര്‍പ്പു മണമെന്ന് ? ഒരിക്കലും അടങ്ങാത്ത കടല്‍… ഇത് മനുഷ്യന്റെ മനസ്സാണെന്നും ഇയാള്‍ ഓര്‍ക്കില്ലേ ?
കടല്‍ പിണങ്ങിയും ദ്വേഷിച്ചും നില്‍ക്കുന്നൊരു ദിവസം, ഒരു മീന്‍ കുഞ്ഞിനെയും വിട്ടുകൊടുക്കാതെ അവള്‍ തന്റെ മാറോട് ചേര്‍ത്ത് പിടിക്കുന്നൊരു ദിവസം. ഇയാള്‍ മടങ്ങി വരുമ്പോള്‍ എന്താവും ആലോചിക്കുക…? ആയുസ് നീട്ടിക്കിട്ടിയ മല്‍സ്യങ്ങളെക്കുറിച്ചോ ? അതോ കൂരയില്‍ പട്ടിണിയാവുന്ന തന്റെ കുഞ്ഞുങ്ങളെക്കുറിച്ചോ ? അല്ല, അയാള്‍ ഒരു കവിത മൂളാന്‍ തുടങ്ങുകയാവും…ഒരാളുടെ ദുരിതം മറ്റൊരാളുടെ സന്തോഷമായ് മാറുന്നതിനെക്കുറിച്ച്…
എമിലിയുടെ വൂതറിങ്ങ് ഹൈറ്റ്‌സ് വായിച്ചതിനു ശേഷമെങ്കില്‍….. അയാള്‍, അവളുടെ മടിയില്‍ കിടക്കുകയാകും .. ഓരോ വാക്കുകളും തെറ്റില്ലാതെ പറയുമ്പോള്‍ അവള്‍ അവനെ ചുംബിക്കുകയും………..
കടല്‍ മണവുമായ് വരുന്നവനെയും കാത്ത് ഞാനിരിക്കുന്നു… കൈകള്‍ ഇപ്പോള്‍ നിശ്ചലമാണ്..! ഉടനെ മെയില്‍ അയച്ചില്ലെങ്കില്‍ വെയിന്‍ സായ്പ് എനിക്ക് “റിമൈന്‍ഡര്‍” അയക്കുമെന്ന് അറിയാഞ്ഞിട്ടല്ല… എല്ലാം മറന്ന് അല്പമിരിക്കാന്‍ ഞാനുമൊരു മുക്കുവനാവേണ്ടിയിരിക്കുന്നു…! സ്വപ്നങ്ങളില്‍ മീന്‍ കൂട്ടം ഇളകി മറിഞ്ഞ് നടക്കുന്നൊരു മുക്കുവന്‍..!
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: