ഇ.പിയുമായി കരാറിലൊപ്പിട്ടിട്ടില്ലെന്ന ചില മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും: ഡി.സി ബുക്‌സ്
Kerala News
ഇ.പിയുമായി കരാറിലൊപ്പിട്ടിട്ടില്ലെന്ന ചില മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും: ഡി.സി ബുക്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2024, 7:00 pm

കോഴിക്കോട്: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായുള്ള കരാറിലൊപ്പിട്ടിട്ടില്ലെന്ന് കാണിച്ച് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡി.സി ബുക്‌സ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഡി.സി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ചില മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നുമാണ് ഡി.സി ബുക്‌സ് പറയുന്നത്.

നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ തങ്ങള്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് അനുചിതമാണെന്നും ഡി.സി കൂട്ടിച്ചേര്‍ത്തു. ഇ.പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡി.സി ബുക്‌സ് മൊഴി നല്‍കിയതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.

ഇ.പി ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെടുന്ന കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ നവംബര്‍ 12ന് പുറത്തുവിട്ടത് വിവാദത്തിനിടയാക്കിയിരുന്നു. പിന്നാലെ ഡി.സിയുമായി പ്രസിദ്ധീകരണത്തിനുള്ള കരാറുണ്ടാക്കിയിട്ടില്ലെന്നും പ്രസിദ്ധീകരണാവകാശം ചോദിച്ച് ഡി.സി ബന്ധപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.

പിന്നാലെ പുസ്തത്തിലെ ചില ഭാഗങ്ങള്‍ പുറത്തായതും അതിലെ കണ്ടന്റുകളും വിവാദത്തിനിടയായതോടെ ഇ.പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇ.പി. ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം ഉടനുണ്ടാകുമെന്ന് അറിയിക്കുകയും പിന്നീട് നീട്ടിവെക്കുകയും ചെയ്ത ഡി.സി. ബുക്സിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പുസ്തകത്തിലെ ഉള്ളടക്കം എന്ന് അവകാശപ്പെട്ട് കൊണ്ട് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വിവാദമായതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഡി.സി. ബുക്സിന്റെ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശന കമന്റുകള്‍ വ്യാപകമായതും പിന്നാലെ വിവാദങ്ങളിലേക്ക് നയിക്കുകയും ചെയ്തത്.

ഈ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇ.പി താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊന്നുമില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി രംഗത്തെത്തിയത്. ഏതെങ്കിലും പ്രസാധകരുമായി താന്‍ കരാറിലെത്തിയിട്ടില്ലെന്നും മാതൃഭൂമിയും പുസ്തകത്തിന് വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

Content Highlight: Some media reports about no deal with EP are baseless and confusing: DC Books