സ്വകാര്യതയെ ബാധിക്കും; മോദിയുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍
national news
സ്വകാര്യതയെ ബാധിക്കും; മോദിയുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 12:12 am

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്ത ബിരുദയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ വിവരങ്ങളാണെന്നും തുഷാര്‍ മേത്ത അറിയിച്ചു.

മോദിയുടെ ഡിഗ്രി സംബന്ധിച്ച വിവരങ്ങള്‍ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നില്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.

‘ജനാധിപത്യത്തില്‍ അധികാരത്തിലിരിക്കുന്നയാള്‍ ഡോക്ടറേറ്റുള്ളയാളായാലും നിരക്ഷരന്‍ ആയാലും അതിലൊരു വ്യത്യാസവുമില്ല. ഇതിലൊരു പൊതുതാല്‍പ്പര്യവുമില്ല.

നരേന്ദ്ര മോദിയുടെ സ്വകാര്യതയെ വരെ ഇത് ബാധിക്കും. അതിനാല്‍ യൂണിവേഴ്സിറ്റിക്ക് ഇത് നല്‍കാനാവില്ല,’ തുഷാര്‍ മേത്ത പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം പൂര്‍ത്തിയായി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കാനുള്ള നീക്കത്തിനെതിരെ ഗുജറാത്ത് സര്‍വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപേക്ഷയില്‍ പ്രധാനമന്ത്രിയുടെ എം.എ. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഗുജറാത്ത് സര്‍വകലാശാല കോടതിയെ സമീപിച്ചത്.

അതേസമയം, നരേന്ദ്ര മോദി 1978ല്‍ ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രിയും 1983ല്‍ ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പി.ജിയുമെടുത്ത് എന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലെ അവകാശവാദം.