Entertainment
സ്വാമി എഴുതിയതുപോലെയല്ല ഇവര്‍ ഷൂട്ട് ചെയ്യുന്നതെന്ന് ആ സിനിമയുടെ ഇടയില്‍ മോഹന്‍ലാല്‍ എന്നോട് പറഞ്ഞു: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 21, 09:28 am
Monday, 21st October 2024, 2:58 pm

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ പുനരവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയമായിരുന്നു നേടിയത്. ആ ചിത്രം താന്‍ താത്പര്യമില്ലാതെയാണ് ചെയ്തതെന്ന് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. താന്‍ എഴുതിയ സ്‌ക്രിപ്റ്റില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ഷൂട്ട് ചെയ്തതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിരുന്നവെന്ന് സ്വാമി പറഞ്ഞു.

ഒട്ടും ലോജിക്കില്ലാതെയാണ് ആ സിനിമ എടുത്തതെന്നും താന്‍ എഴുതിയ സ്‌ക്രിപ്റ്റില്‍ സ്വല്പം ലോജിക്ക് ഉണ്ടായിരുന്നുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം അറിഞ്ഞിട്ടും പ്രതീകരിക്കാതെ ഇരുന്നത് ആന്റണി പെരുമ്പാവൂരിനെ ഓര്‍ത്തിട്ടാണെന്നും ഷൂട്ട് മുടങ്ങിയാല്‍ ആന്റണി ഒരുപാട് കഷ്ടപ്പെടേണ്ടി വരുമെന്ന് മനസിലായതുകൊണ്ട് ഒന്നും ചെയ്തില്ലെന്നും എസ്.എന്‍. സ്വാമി പറഞ്ഞു.

ആന്റണി ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇഷ്യു ഒന്നും ഉണ്ടാക്കരുതെന്ന് തന്നോട് പറഞ്ഞെന്നും അതുകൊണ്ട് ഒന്നും ചെയ്യാന്‍ പോയില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിയേറ്ററില്‍ നിന്ന് സിനിമ കണ്ട പ്രേക്ഷകര്‍ക്ക് തന്റെ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നുള്ള കാര്യം മനസിലായെന്നും തനിക്ക് അത് മാത്രം മതിയെന്നും സ്വാമി പറഞ്ഞു. വേറെ ആരുടെയോ സ്‌ക്രിപ്റ്റാണ് അതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താത്പര്യമില്ലാതെ ചെയ്ത സിനിമകളിലൊന്നാണ് സാഗര്‍ ഏലിയാസ് ജാക്കി. ഒട്ടും ലോജിക്കലല്ലായിരുന്നു ആ സിനിമ. ഞാന്‍ എഴുതിയ സ്‌ക്രിപ്റ്റ് അല്ലായിരുന്നു അവര്‍ ഷൂട്ട് ചെയ്തത്. ഞാന്‍ വളരെ കാഷ്വലായിട്ടാണ് ആ സിനിമ എഴുതിയത്. പക്ഷേ ഷൂട്ട് ചെയ്ത് വന്നപ്പോള്‍ ലോജിക്കില്ലാത്ത കുറേ സീനുകള്‍ അതില്‍ ഉണ്ടായിരുന്നു. ലാല്‍ എന്നെ വിളിച്ചിട്ട് ‘സാമി എഴുതിയ സ്‌ക്രിപ്‌റ്റൊന്നുമല്ല ഇവര്‍ ഇവിടെ ഷൂട്ട് ചെയ്യുന്നത്. സ്വാമി എന്നോട് പറഞ്ഞ കഥയില്‍ കുറെ മാറ്റം വരുത്തി’ എന്ന് പറഞ്ഞു.

അതൊക്കെ അറിഞ്ഞിട്ട് ശരിക്കും പ്രശ്‌നമുണ്ടാക്കേണ്ടതാണ്. പക്ഷേ അങ്ങനെ ചെയ്താല്‍ ആന്റണിക്ക് നഷ്ടമുണ്ടാകും. ലാലേട്ടന്‍ എന്നെ വിളിച്ചെന്നറിഞ്ഞപ്പോള്‍ ആന്റണി എന്നോട് ‘പ്രശ്‌നമൊന്നും ഉണ്ടാക്കരുത്’ എന്ന് പറഞ്ഞിരുന്നു. ഞാന്‍ ഒന്നും പറയാന്‍ പോയില്ല. പക്ഷേ തിയേറ്ററില്‍ നിന്ന് സിനിമ കണ്ടവര്‍ക്ക് അത് എന്റെ സ്‌ക്രിപ്റ്റ് അല്ലെന്ന് മനസിലായി. ഇപ്പോഴും ആ സിനിമയെപ്പറ്റി സംസാരം വരുമ്പോള്‍ പലരും എന്നോട് അത് വേറെ ആരുടെയോ സ്‌ക്രിപ്റ്റാണെന്ന് പറയാറുണ്ട്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: SN Swami saying that director changed the script of Sagar Alias Jacky movie