Entertainment
റഹ്‌മാനുമായി ആ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ പോയി; അതൊരു സാധാരണ പടമാകില്ലെന്ന് തോന്നി: ജിംഷി ഖാലിദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 02:42 am
Friday, 18th April 2025, 8:12 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി സിനിമാരംഗത്തേക്ക് എത്തുന്നത്.

പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട്, ആലപ്പുഴ ജിംഖാന തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. എന്നാല്‍ ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണ്.

ഇപ്പോള്‍ താനും സഹോദരന്‍ ഖാലിദ് റഹ്‌മാനും പണ്ട് മമ്മൂട്ടി ചിത്രമായ ബിഗ് ബിയുടെ സെറ്റില്‍ പോയതിനെ കുറിച്ച് പറയുകയാണ് ജിംഷി ഖാലിദ്. ചിത്രത്തില്‍ ഇരുവരുടെയും സഹോദരായ ഷൈജു ഖാലിദ് അസിസ്റ്റന്റായിരുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിംഷി ഖാലിദ്.

‘ഞങ്ങള്‍ പോകുന്ന ആദ്യ സിനിമാ സെറ്റ് ബിഗ് ബിയുടേതായിരുന്നു. ഷൈജു (ഷൈജു ഖാലിദ്) ആ സിനിമയില്‍ അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അന്ന് സെറ്റില്‍ പോയപ്പോള്‍ ഈ സിനിമ മലയാളം ഇന്‍ഡസ്ട്രിയെ മാറ്റുന്ന തരത്തിലുള്ള ഒരു സിനിമ ആകുമെന്ന് തോന്നിയിരുന്നോ എന്ന് ചോദിച്ചാല്‍, ഇല്ല.

ഞങ്ങള്‍ ആ സമയത്ത് സിനിമയെ ജഡ്ജ് ചെയ്യാന്‍ മാത്രം ആയിരുന്നില്ല. വളരെ ചെറുപ്പമായിരുന്നല്ലോ. പക്ഷെ ഞങ്ങള്‍ ആ സമയത്ത് ബിഗ് ബിയിലെ ചില ആക്ടേഴ്‌സ് അവരുടെ കോസ്റ്റിയൂമും ഇട്ടുകൊണ്ട് അവിടെ നടക്കുന്നത് കണ്ടിരുന്നു.

അത് കണ്ടപ്പോള്‍ ഞങ്ങള്‍ പരസ്പരം ആ സിനിമയെ പറ്റി സംസാരിച്ചിരുന്നു. ഇതൊരു സാധാരണ പടമാകില്ലെന്ന് തോന്നി. അതിലെ കോസ്റ്റിയൂമുകളൊക്കെ വളരെ വ്യത്യസ്തമായിരുന്നു. ആ സെറ്റില്‍ അവര്‍ ക്രിയേറ്റ് ചെയ്തിരുന്ന അറ്റ്‌മോസ്ഫിയറും വ്യത്യസ്തമായിരുന്നു,’ ജിംഷി ഖാലിദ് പറയുന്നു.


Content Highlight: Jimshi Khalid Talks About Mammootty’s Big B Movie Set