ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ‘പെണ്‍കുട്ടി’ മുദ്രാവാക്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘വീടുകളില്‍ പോരാടാന്‍ കഴിയാത്ത ആണ്‍കുട്ടികളുമുണ്ട്’ എന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.
‘ഞാനൊരു പെണ്‍കുട്ടിയാണ്. എനിക്ക് പോരാടാന്‍ കഴിയും’, എന്നായിരുന്നു പാര്‍ട്ടി മുദ്രാവാക്യമായി കഴിഞ്ഞ മാസം പ്രിയങ്ക ഉയര്‍ത്തിയത്. ഇതിന് മറുപടിയെന്നോണമാണ് മന്ത്രിയുടെ പ്രസ്താവന.
ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളിലും സ്ത്രീകളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു പ്രിയങ്ക മുദ്രാവാക്യം പറഞ്ഞത്.
എന്നാല്‍ പെണ്‍കുട്ടിയാണ്, പോരാടാന്‍ സാധിക്കും എന്ന് പ്രിയങ്ക പറയുമ്പോള്‍ അതിനര്‍ത്ഥം പോരാടാന്‍ കഴിയാത്ത ആണ്‍കുട്ടികള്‍ വീടുകളിലുണ്ടെന്നല്ലേ അര്‍ത്ഥം, എന്നാണ് ഇറാനി ചോദിച്ചത്.
രാഹുല്‍ ഗാന്ധിയെ ഉന്നം വെച്ചുള്ള പരാമര്‍ശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
40 ശതമാനം സീറ്റുകളിലേയ്ക്ക് സ്ത്രീകള്‍ക്ക് ടിക്കറ്റ് കൊടുക്കും എന്നതിനര്‍ത്ഥം 60 ശതമാനം സീറ്റുകളിലേയ്ക്ക് അവര്‍ക്ക് സ്ത്രീകളെ വേണ്ട എന്നല്ലേ, എന്നാണ് മന്ത്രി ചോദിക്കുന്നത്. രാഷ്ട്രീയത്തില്‍ വനിതാ നേതാക്കള്‍ സമൂഹത്തിലെ വനിതകള്‍ക്ക് വേണ്ടി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്ന് പ്രതീക്ഷിക്കരുതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.