ബാബുവിന് മല കയറുന്നതിന് പകരം വല്ല കടലിലും നീന്താന്‍ ഇറങ്ങാന്‍ തോന്നാതിരുന്നത് നന്നായി. കടലില്‍ വന്ന് പൊക്കിയെടുക്കാന്‍ ഈ കൂട്ടരൊന്നും എത്തണമെന്നില്ല! ഏത് കൊടുംകാട്ടിലും എത്ര ചെങ്കുത്തായ മലയിടുക്കിലും അപകടത്തില്‍പ്പെട്ട് പോയ മനുഷ്യരെ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ സേനകള്‍ക്കും ദുരന്തനിവാരണ വിഭാഗത്തിനുമുണ്ട്. പക്ഷേ, ഈ പറഞ്ഞതൊന്നും നടക്കാത്തൊരു ഇടമാണ് കടല്‍. കടലില്‍ വെച്ച് ഉണ്ടാവുന്ന അപകടങ്ങളില്‍ എല്ലാവര്‍ക്കും പറയാനുള്ളത് നിസ്സഹായതയെപ്പറ്റി മാത്രമാണ്.
മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം കാണുകയായിരുന്നു. ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് അദ്ദേഹത്തെ സുരക്ഷിതമായി മലമുകളില്‍ എത്തിച്ചെന്നാണ് മനസിലാക്കാനാവുന്നത്.
ഏതാണ്ട് രണ്ട് ദിവസത്തോളം മലയിടുക്കില്‍ കുടുങ്ങിപ്പോയ ആ മനുഷ്യന്‍ കടന്നുപോയ അരക്ഷിതാവസ്ഥയ്ക്കും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കടന്നുപോയ വേദനയ്ക്കും അവസാനമുണ്ടായതിലുള്ള സന്തോഷം പങ്കുവെക്കുന്നു.
ഇന്നിത് കണ്ടപ്പോള്‍, ഒന്നരക്കൊല്ലം മുന്‍പേ ഇതുപോലൊരു രാത്രി മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന എന്നെ ഞാനോര്‍ക്കുകയായിരുന്നു. ഏത് കൊടുംകാട്ടിലും എത്ര ചെങ്കുത്തായ മലയിടുക്കിലും അപകടത്തില്‍പ്പെട്ട് പോയ മനുഷ്യരെ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ സേനകള്‍ക്കും ദുരന്തനിവാരണ വിഭാഗത്തിനുമുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള സമയോചിതമായ ഇടപെടലും കൃത്യമായ പ്ലാനിങ്ങും വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സാധിക്കാറുണ്ട്.
പക്ഷേ, ഈ പറഞ്ഞതൊന്നും നടക്കാത്തൊരു ഇടമാണ് കടല്‍. തൊഴിലിന്റെ ഭാഗമായോ മറ്റ് കാരണങ്ങളാലോ കടലില്‍ വെച്ച് ഉണ്ടാവുന്ന അപകടങ്ങളില്‍ എല്ലാവര്‍ക്കും പറയാനുള്ളത് നിസ്സഹായതയെപ്പറ്റി മാത്രമാണ്.
ശക്തമായ കാറ്റുണ്ട്, വലിയ കടലടിയുണ്ട്, കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് കേടാണ്, തീരദേശ പൊലീസ് സ്ഥലത്തില്ല, കടല്‍ ആംബുലന്‍സില്‍ ആളില്ല- എന്നുതുടങ്ങി ഒരു നൂറ് കാരണങ്ങളും ഒഴിവുകഴിവുകളും കേള്‍ക്കാറുണ്ട്. അന്നും കേട്ടു.
അതിലേറ്റവും വേദന തോന്നിയത്, ആ അപകടമുണ്ടായതിന് കഷ്ടിച്ച് ഒരാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത് വിഴിഞ്ഞത്ത് എത്തിച്ച കടല്‍ ആംബുലന്‍സ്, സുരക്ഷാ കാരണങ്ങളുള്ളതിനാല്‍ തിരിച്ച് എറണാകുളത്തേക്ക് തന്നെ കൊണ്ടുപോയി എന്ന് കേട്ടപ്പോഴാണ്. അനിയനും കൂട്ടുകാര്‍ക്കും അപകടമുണ്ടായ ഇടത്തുനിന്ന് കഷ്ടിച്ച് പത്ത് മിനിറ്റിനപ്പുറത്താണ് വിഴിഞ്ഞം. പക്ഷേ ഇല്ലാത്ത കടല്‍ ആംബുലന്‍സ് കൊണ്ടുവരാനാവില്ലല്ലോ!
അത് കഴിഞ്ഞും കടലില്‍ അപകടങ്ങളുണ്ടായി. കടലില്‍ വീണാല്‍, കയ്യകലത്ത് രക്ഷപ്പെടുത്താന്‍ പാകത്തിന് ഒരു മത്സ്യബന്ധന വള്ളമോ പണിക്കാരോ ഇല്ലെങ്കില്‍ മുങ്ങിത്താഴ്ന്ന് പോവുക മാത്രമേ നിവര്‍ത്തിയുള്ളൂ.
ബാബുവിന് മല കയറുന്നതിന് പകരം വല്ല കടലിലും നീന്താന്‍ ഇറങ്ങാന്‍ തോന്നാതിരുന്നത് നന്നായി. കടലില്‍ വന്ന് പൊക്കിയെടുക്കാന്‍ ഈ കൂട്ടരൊന്നും എത്തണമെന്നില്ല!
എന്നാണ് കടലും നിങ്ങള്‍ക്കൊക്കെ പരിഗണന തോന്നുന്ന ഇടമായി മാറുക? ഇനിയെപ്പോഴാണ് കാറ്റും കോളും ഉള്ളപ്പോഴും കടലില്‍ അകപ്പെട്ട് പോകുന്നവരെ രക്ഷിക്കാന്‍ നമ്മുടെ സേനയും ബന്ധപ്പെട്ട വിഭാഗങ്ങളും സജ്ജമാവുക?
ഇന്ന് ബാബു എന്ന ആ മനുഷ്യന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നത് മനസ് നിറഞ്ഞ് കണ്ടതുപോലെ, കടലില്‍ വീണുപോവുന്നവരെയും തിരികെ രക്ഷിച്ച് കൊണ്ടുവരാനാവും എന്ന ആത്മവിശ്വാസം എന്നാണ് നമ്മുടെ സേനാ വിഭാഗങ്ങള്‍ക്ക് ഉണ്ടാവുക? ഇതൊക്കെ നടക്കാന്‍ ഞങ്ങളുടെ എത്ര തലമുറ കാത്തിരിക്കേണ്ടി വരും?
NB: ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനോടാണ്, കടല്‍ ആംബുലന്‍സെന്നും പറഞ്ഞ് ഇറക്കിയ ആ സാധനത്തില്‍ തുരുമ്പ് കേറിത്തുടങ്ങിയോ എന്ന് ഇടയ്ക്ക് നോക്കുന്നത് നന്നായിരിക്കും കേട്ടോ.
Content Highlight: Sindhu Mariya Nepolean writes about Babu’s rescue in Malampuzha
ഐ.ഐ.ടി മദ്രാസില്‍ റിസര്‍ച്ച് അസോസിയേറ്റ്. തിരുവനന്തപുഷം ജില്ലയിലെ പുല്ലുവിള എന്ന മത്സ്യബന്ധന ഗ്രാമമാണ് സ്വദേശം. Coastal Students Cultural Forum, Friends of Marine Life എന്നീ എൻ.ജി.ഒ.കളിൽ പ്രവർത്തിക്കുന്നു.