ഭോപ്പാല്‍ ഏറ്റുമുട്ടല്‍; പൊലീസുകാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു
Daily News
ഭോപ്പാല്‍ ഏറ്റുമുട്ടല്‍; പൊലീസുകാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th November 2016, 7:16 pm

ജുഡീഷ്യല്‍ അന്വേഷണത്തിനു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് ഉത്തരവിട്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ പാണ്ഡെയാണ് സംഭവം അന്വേഷിക്കുക. 

ഭോപ്പാല്‍: ജയില്‍ ചാടിയ 8 സിമി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ച സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതോടെയാണ് പാരിതോഷികം നല്‍കുന്നത് തടഞ്ഞതെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, മധ്യപ്രദേശ് സര്‍ക്കാരാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

ജുഡീഷ്യല്‍ അന്വേഷണത്തിനു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് ഉത്തരവിട്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ പാണ്ഡെയാണ് സംഭവം അന്വേഷിക്കുക.

ഈ അന്വേഷണത്തിനു ശേഷമേ പൊലീസുകാര്‍ക്ക് പാരിതോഷികം നല്‍കാന്‍ സാധിക്കുവെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അല്ലാതെ പാരിതോഷികം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത എല്ലാ പൊലീസുകാര്‍ക്കും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

അതീവ സുരക്ഷാ ജയിലില്‍നിന്നു തടവുകാര്‍ രക്ഷപ്പെട്ടതും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലും എല്ലാം ജസ്റ്റിസ് പാണ്ഡെ അന്വേഷിക്കുമെന്നു മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏറ്റുമുട്ടല്‍ സംബന്ധ് പുറത്തുവന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും അന്വേഷണ പരിധിയില്‍ വരും.