അഞ്ച് വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഞാന്‍ കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു | സിദ്ദീഖ് കാപ്പനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
Interview
അഞ്ച് വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഞാന്‍ കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു | സിദ്ദീഖ് കാപ്പനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
അഷ്‌റഫ് അഹമ്മദ് സി.കെ.
Friday, 31st March 2023, 6:21 pm
മനോരമ റിപ്പോര്‍ട്ടര്‍ നല്‍കിയ രേഖകളാണ് സത്യവാങ്മൂലത്തിലും കാണിച്ചതെന്ന തരത്തിലുള്ള വാദങ്ങള്‍ ഞാനും കേട്ടിരുന്നു. അദ്ദേഹം നടത്തിയ ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെന്നും കോടതി അവ തെളിവായി സ്വീകരിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ചിലപ്പോള്‍ എനിക്കെതിരെ അങ്ങനെയൊരു ഗൂഢാലോചന നടന്നിട്ടുണ്ടാവാം | സിദ്ദീഖ് കാപ്പനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം

അഷറഫ് അഹമ്മദ് : പൊലീസിന്റെ കുറ്റപത്രത്തിലും പിന്നീട് ദേശീയ മാധ്യമങ്ങളിലുമടക്കം വന്ന പ്രധാന ആരോപണം താങ്കള്‍ മതിയായ രേഖകള്‍ ഇല്ലാതെയാണ് ഹത്രാസിലേക്ക് യാത്ര ചെയ്തതെന്നാണ്. താങ്കളുടെ കയ്യിലുണ്ടായിരുന്ന ഐ.ഡി പോലും ഫേക്ക് ആണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്താണ് യാഥാര്‍ത്ഥ്യം ?

സിദ്ദീഖ് കാപ്പന്‍ : ഇതേ ആരോപണം എന്റെ ചാര്‍ജ്ഷീറ്റിലുമുണ്ടായിരുന്നു. ഞാന്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ഐ.ഡിയാണ് കാണിച്ചത്. അതിന്റെ ഫോട്ടോയും മറ്റു കാര്യങ്ങളുമെല്ലാം വളരെ കൃത്യമായി തന്നെ ഞാന്‍ സൂക്ഷിച്ചിരുന്നു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യമായ സാമാന്യ രേഖകള്‍ എല്ലാം എന്റെ കയ്യിലുണ്ടായിരുന്നു. തുടക്കത്തില്‍ ഞാന്‍ ഡി.യു.ജെ മെമ്പറായിരുന്നു. ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റിന്റെ കാര്‍ഡും എന്റെ കയ്യിലുണ്ടായിരുന്നു. ഇതില്‍ എല്ലാത്തിനുമുപരി ഞാന്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ മെമ്പറാണ്. ആ കാര്‍ഡും എന്റെ കയ്യിലുണ്ടായിരുന്നു.

അതിനേക്കാള്‍ വലിയ തെളിവെന്താണ് വേണ്ടത്. അതിലും വലിയ രേഖകളൊന്നും ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യമില്ലല്ലോ.

അഷറഫ് അഹമ്മദ് : അന്വേഷണ കാലയളവില്‍ ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ ഒരു വിഷയം താങ്കള്‍തക്കെതിരെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മൊഴി കൊടുത്തെന്നാണ്. പട്നയിലെ മനോരമ റിപ്പോര്‍ട്ടര്‍ താങ്കള്‍ക്കെതിരെ തെളിവുകള്‍ കൈമാറിയെന്നും ആരോപണമുണ്ടായിരുന്നു, എന്തായിരുന്നു സത്യാവസ്ഥ. അത്തരത്തിലൊരു ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ടോ?

സിദ്ദീഖ് കാപ്പന്‍: മനോരമ റിപ്പോര്‍ട്ടര്‍ നല്‍കിയ രേഖകളാണ് സത്യവാങ്മൂലത്തിലും കാണിച്ചതെന്ന തരത്തിലുള്ള വാദങ്ങള്‍ ഞാനും കേട്ടിരുന്നു. അദ്ദേഹം നടത്തിയ ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെന്നും കോടതി അവ തെളിവായി സ്വീകരിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ചിലപ്പോള്‍ എനിക്കെതിരെ അങ്ങനെയൊരു ഗൂഢാലോചന നടന്നിട്ടുണ്ടാവാം. ചിലപ്പോള്‍ അക്കാര്യങ്ങള്‍ സത്യവുമാവാം. മനോരമ റിപ്പോര്‍ട്ടര്‍ക്ക് ഇതിനകത്ത് എന്തെങ്കിലും റോളുണ്ടോ എന്ന കാര്യത്തെ കുറിച്ചൊന്നും എനിക്കറിയില്ല.

അഷറഫ് അഹമ്മദ് : ജയിലിലെ സഹതടവുകാര്‍ക്ക് താങ്കളോടുള്ള സമീപനം എങ്ങനെയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോ?

സിദ്ദീഖ് കാപ്പന്‍: ജയിലില്‍ എത്തിയതിനു ശേഷം വളരെ ചെറിയ കൂട്ടം ആളുകള്‍ക്ക് അത്തരത്തില്‍ ഒരു സമീപനം ഉണ്ടായിരുന്നു. പിന്നീട് ഒരോ ദിവസം കഴിയുന്തോറും നമ്മളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ മനസിലാക്കുകയും സമീപനത്തില്‍ മാറ്റം വരുകയുമായിരുന്നു. ഞാന്‍ അവരുടെ കൂടെ താമസിക്കുന്ന ആളാണല്ലോ, അതുകൊണ്ടുതന്നെ പതിയെ പതിയെ എന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നു തുടങ്ങി.

തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകളാണ് പൊലീസ് തുടക്കം മുതല്‍ പ്രചരിപ്പിച്ചത്. മാധ്യമങ്ങളും അതേറ്റു പിടിച്ചതോടെ ഒപ്പമുണ്ടായിരുന്നവര്‍ക്കും എന്നോട് ചെറിയ രീതിയിലെങ്കിലും വെറുപ്പുണ്ടായിരുന്നു.

മാധ്യമങ്ങളില്‍ കാണുന്ന തീവ്രവാദിയും ഭീകരവാദിയുമായ കാപ്പനെയാണവര്‍ കാണുന്നത്. എന്നാല്‍ നമ്മളുമായി കൂടുതല്‍ ഇടപഴകുകയും എന്നെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നതോടെ ആ സമീപനത്തില്‍ മാറ്റം വരാന്‍ തുടങ്ങി. അവര്‍ കേട്ടുപഴകിയ തീവ്രവാദി അവരുടെ മുന്നില്‍ നില്‍ക്കുകയാണല്ലോ, ഇതോടുകൂടി സഹതടവുകാരും നമ്മളോട് നല്ല രീതിയില്‍ സമീപിക്കാന്‍ തുടങ്ങുകയായിരുന്നു.

അഷറഫ് അഹമ്മദ് : പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റമോ?

സിദ്ദീഖ് കാപ്പന്‍: പോലീസിന്റെ ഭാഗത്തുനിന്ന് വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മാനസികമായി തളര്‍ത്തുക എന്നതാണ് അവരുടെ രീതി. അതിനായി കേട്ടാലറക്കുന്ന തെളിവിളിക്കും. നമുക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ തരില്ല, എഴുതാനും സമ്മതിക്കില്ല. അതേസമയം മറ്റുപല കാര്യങ്ങളും അവിടെ നടക്കും.

ബീഡിയോ, സിഗരറ്റോ, മറ്റേതെങ്കിലും ലഹരികളോ എല്ലാം യു.പിയിലെ ജയിലുകളില്‍ കിട്ടും. പക്ഷേ പുസ്തകം കിട്ടില്ല. എഴുതാന്‍ പേനയും തരില്ല.യഥാര്‍ത്ഥത്തില്‍ അക്ഷരത്തിന്റെ ശത്രുക്കളാണ് യുപിയിലെ ജയിലുകള്‍. ഞാന്‍ രണ്ടു ജയിലുകളിലും കിടന്നിട്ടുണ്ട്. പിന്നീട് പോലീസിന് കൈക്കൂലി കൊടുത്തും മറ്റു വഴികളിലൂടെയുമാണ് പുസ്തകങ്ങള്‍ സംഘടിപ്പിക്കാന്‍ പറ്റിയത്.

ധാര്‍മിക പുസ്തകങ്ങള്‍ വായിക്കാന്‍ പോലും അവിടെ വിലക്കുണ്ടായിരുന്നു.

എന്റെ കയ്യിലുണ്ടായിരുന്ന ഖുര്‍ആന്‍ നാലുമാസം പിടിച്ചു വെച്ചു. പിന്നീട് എലി കടിച്ച് നശിപ്പിച്ചതിന്റെ ബാക്കിയാണ് എനിക്ക് തിരിച്ച് തന്നത്. അതിനു പോലും കോടതിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടി വന്നിട്ടുണ്ട്.

ജയിലിനകത്ത് മലയാളം പൂര്‍ണമായും നിരോധിച്ചിരുന്നു. എനിക്ക് മലയാളത്തില്‍ സംസാരിക്കാനോ ഫോണ്‍ വിളിക്കാനോ അനുമതിയുണ്ടായിരുന്നില്ല.

അഷറഫ് അഹമ്മദ് : മലയാളം പൂര്‍ണ്ണമായും നിരോധിക്കുക കൂടി ചെയ്തതോടെ കുടുംബവുമായുള്ള കമ്മ്യൂണിക്കേഷന്‍ എങ്ങനെയായിരുന്നു? താങ്കളുടെ ഉമ്മ ആ സമയത്ത് രോഗിയായിരുന്നല്ലോ, ആ സാഹചര്യം എങ്ങനെയാണ് മറികടന്നത്?

സിദ്ദീഖ് കാപ്പന്‍: തുടക്കത്തില്‍ ജയിലിനകത്ത് മലയാളം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. മലയാളം സംസാരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. കേരളം എന്ന് പറഞ്ഞാല്‍ എന്തോ ഭീകര താവളം ആണെന്ന രീതിയിലാണ് നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി മീഡിയ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. പിന്നീട് അവിടത്തെ ജയില്‍ സൂപ്രണ്ടുമായൊക്കെ സംസാരിച്ചതിന് ശേഷമാണ് അഞ്ചു മിനിറ്റ് നേരം ഫോണില്‍ സംസാരിക്കാന്‍ എന്നെ അനുവദിച്ചത്.

പിന്നീട് കോടതിയുടെ ഇടപെടലൊക്കെ ഉണ്ടായതിന് ശേഷമാണ് മലയാളത്തില്‍ സംസാരിക്കാനുള്ള അനുവാദം കിട്ടിയത്. പുസ്തകങ്ങള്‍ക്കും നിരോധനമുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ റിലേറ്റഡായിട്ടുള്ള ബുക്കുകള്‍ പോലും വായിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. വീട്ടില്‍ നിന്നും കൊറിയര്‍ ആയി അയക്കുന്ന ബുക്കുകള്‍ പോലും എന്റെ കണ്‍മുന്നില്‍ വെച്ച് നശിപ്പിക്കുകയാണുണ്ടായത്.

അഷറഫ് അഹമ്മദ് : ജയിലിനകത്ത് വലിയ ക്രൂര പീഡനങ്ങളാണ് താങ്കള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. കോവിഡ് ബാധിച്ച സമയത്ത് താങ്കളുടെ കൈകള്‍ രണ്ടും കട്ടിലില്‍ ബന്ധിച്ച് ആശുപത്രിയില്‍ ബന്ധിക്കപ്പെട്ട ഫോട്ടോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഒരു രോഗിക്ക് കിട്ടേണ്ട പരിഗണന പോലും താങ്കള്‍ക്ക് കിട്ടിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സംഭവിച്ചത്? കസ്റ്റഡി മരണങ്ങള്‍ ഒരുപാട് നടന്ന ഇന്ത്യയില്‍ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കാനുള്ള ശ്രമമാണോ അവിടെ നടന്നത്?

സ്റ്റാന്‍ സ്വാമി

സിദ്ദീഖ് കാപ്പന്‍: എന്നെ അറസ്റ്റ് ചെയ്ത ആദ്യ നാളുകളില്‍ തന്നെ എല്ലാം ദുരൂഹമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയില്‍ ഹാജരാക്കുന്നത് ബിജെപിയുടെ കാറിലാണ്. അതും വിജനമായ പ്രദേശത്തുകൂടെയാണ് കൊണ്ടുപോകുന്നത്. സിവില്‍ ഡ്രസ്സിലുള്ള ആളുകളാണ് വണ്ടിയോടിക്കുന്നത്. അവര്‍ പോലീസുകാരാണോ എന്ന് പോലും അറിയില്ല.

വിജനമായ സ്ഥലത്ത് കൂടെ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിക്കുന്നു, വണ്ടി മറിക്കാന്‍ ശ്രമിക്കുന്നു ഇതെല്ലാം അവിടെ സംഭവിച്ചിട്ടുണ്ട്.

അതാണ് ഞാന്‍ പറഞ്ഞത് തുടക്കം മുതല്‍ തന്നെ ഒരു അപകട മരണമാക്കി മാറ്റാനാണ് യു.പി പൊലീസ് ശ്രമിച്ചത്. അല്ലെങ്കില്‍ കസ്റ്റഡിയില്‍ നിന്ന് ചാടി പോകുന്ന സമയത്ത് വെടിവെച്ച് കൊല്ലാനുള്ള ശ്രമങ്ങളും നടന്നതായാണ് ഞാന്‍ സംശയിക്കുന്നത്.

അഷറഫ് അഹമ്മദ് : ഇന്ത്യയില്‍ യു.എ.പി.എ കേസില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ വ്യക്തിയല്ല കാപ്പന്‍, കാപ്പന് മുമ്പും കാപ്പന് ശേഷവും ആയിരക്കണക്കിനാളുകള്‍ ഇത്തരം കരി നിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് ജയിലിനകത്തുണ്ട്. വിചാരണ പോലും നടക്കാതെ അവര്‍ ജീവിച്ചു മരിക്കുകയാണ്. ഈയൊരവസ്ഥ നിലനില്‍ക്കെ യു.എ.പി.എ ചുമത്തിയിട്ടും ഇത്ര നേരത്തെ ജയിലില്‍ നിന്നും പുറത്തു വരാന്‍ സാധിക്കുമെന്ന് താങ്കള്‍ കരുതിയിരുന്നോ?

സിദ്ദീഖ് കാപ്പന്‍ കുടുംബത്തിനൊപ്പം

സിദ്ദീഖ് കാപ്പന്‍: തുടക്കം മുതല്‍ തന്നെ ഞാന്‍ എന്റെ കുടുംബത്തെ പറഞ്ഞു പഠിപ്പിച്ചത് ജീവിച്ചിരിക്കുന്നെങ്കില്‍ അഞ്ചുവര്‍ഷം ഏറ്റവും ചുരുങ്ങിയത് ഞാന്‍ ജയിലില്‍ ആയിരിക്കുമെന്നാണ്. അഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ജാമ്യം കിട്ടുകയുള്ളൂ എന്നാണ് ഞാന്‍ കരുതിയത്.

പ്രത്യേകിച്ചും യു.പിയിലൊരു ചൊല്ലുണ്ട്. താരീഖ്-പെ-താരീഖ്. അതായത് ഡേറ്റിന് മേല്‍ ഡേറ്റ്. കേസെടുത്താല്‍ പിന്നെ കോടതിയില്‍ ഹിയറിങ് നടക്കില്ല. ഒന്നുകില്‍ ജഡ്ജിക്ക് കല്യാണമായിരിക്കും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തിരക്കുകളുണ്ടാവും. അങ്ങനെ ഡേറ്റിനു മുകളില്‍ ഡേറ്റുകള്‍ പറഞ്ഞുകൊണ്ട് കേസ് തള്ളിനീക്കും. ഇങ്ങനെയൊരു ജുഡീഷ്യല്‍ സംവിധാനമാണ് യു.പിയിലുള്ളത്.

അതുകൊണ്ടുതന്നെ എന്റെ കുടുംബത്തോട് ഞാന്‍ പറഞ്ഞിരുന്നു എങ്ങനെ പോയാലും മിനിമം അഞ്ചു വര്‍ഷം കഴിഞ്ഞേ ഞാന്‍ പുറത്ത് വരൂവെന്ന്. ആ നിലക്ക് നോക്കുകയാണെങ്കില്‍ എനിക്ക് വളരെ നേരത്തെ ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ സാധിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 2011 മുതല്‍ യു.എ.പി.എ കേസുകളെ കുറിച്ച് വളരെ ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. ഇന്ത്യയില്‍ നടന്ന യു.എ.പി.എ കേസുകളുടെ വലിയ റിപ്പോര്‍ട്ട് തന്നെ എന്റെ ലാപ്ടോപ്പിലുണ്ടായിരുന്നു. ഇന്ത്യയില്‍ ഇതുവരെ എത്രപേര്‍ യു.എ.പി.എ കേസില്‍ അറസ്റ്റില്‍ ആയിട്ടുണ്ട്, എത്ര പേര്‍ ജയിലിലുണ്ട്, അതില്‍ എത്ര കേസുകള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ചെല്ലാമുള്ള ഒരു എക്സല്‍ ഷീറ്റ് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.

ആഭ്യന്തരമന്ത്രാലയം വഴി എനിക്ക് ലഭിച്ച ആര്‍.ടി.ഐ മുഖേന സംഘടിപ്പിച്ചതാണത്. അതുകൊണ്ടുതന്നെ യു.എ.പി.എയെക്കുറിച്ചുള്ള വ്യക്തമായ ധാരണ അന്നും എനിക്കുണ്ട്, ഇന്നുമെനിക്കുണ്ട്. യു.എ.പി.എ കേസിനൊരു പ്രത്യേകതയുണ്ട്, കൊലപാതക കേസ് ആണെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമായിരിക്കും. എന്നാല്‍ യു.എ.പി.എ കേസില്‍ നിങ്ങള്‍ മറ്റൊരാളെ ആക്രമിക്കുമെന്ന് ഒരു പോലീസുകാരന് സംശയം തോന്നിയാല്‍ പോലും അത് നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള കാരണമാകും. പോലീസുകാരന്റെ ഇത്തരം ചിന്തകള്‍ പോലും അപരാധമായി കാണുന്ന കാടന്‍ നിയമമാണിത്. മറ്റൊന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിന് പ്രഥമദൃഷ്ടിയാല്‍ നിങ്ങള്‍ കുറ്റക്കാരനാണെന്ന് തോന്നിയാല്‍ പോലും നിങ്ങള്‍ക്ക് ജാമ്യം നിഷേധിക്കാമെന്ന വകുപ്പും ഇതിലുണ്ട്.

ചുരുക്കത്തില്‍ നിങ്ങളോട് ശത്രുതയുള്ള ഏത് ലോക്കല്‍ പോലീസുകാരനും നിങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പറ്റും.

അഷറഫ് അഹമ്മദ് : ഈ അവസ്ഥയിലും രണ്ട് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ജാമ്യം ലഭിക്കാനുണ്ടായ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് താങ്കളൊരു മാധ്യമപ്രവര്‍ത്തകനാണ് എന്നതും താങ്കളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി എന്നതുമല്ലേ

സിദ്ദീഖ് കാപ്പന്‍ : മാധ്യമപ്രവര്‍ത്തകനായി എന്നത് തന്നെയാണ് എനിക്ക് ജാമ്യം കിട്ടാനുള്ള പ്രധാനകാരണം. എനിക്ക് വലിയൊരു വിഭാഗം ആളുകളുടെ പിന്തുണ കിട്ടുകയും കേസ് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. മ്യാന്‍മാറിലൊക്കെ സംഭവിക്കുന്നത് നമ്മള്‍ കാണുന്നതല്ലേ. അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 11 വര്‍ഷത്തേക്ക് തടവ് വിധിക്കുകയാണ് സൈനിക ഭരണകൂടം ചെയ്യുന്നത്.

തീവ്രവാദബന്ധവും രാജ്യദ്രോഹവും ചുമത്തിയാണ് അവര്‍ക്കെതിരെ കേസെടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ മ്യാന്മാറുമായാണ് നമ്മള്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ഭരണകൂടത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഞാനിപ്പോഴും ജുഡീഷ്യറിയില്‍ വിശ്വസിക്കുന്നുണ്ട്.

ജുഡീഷ്യറിയില്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്റെ വിധി. ഭരണകൂടം എല്ലായിപ്പോഴും എല്ലാം ഏജന്‍സികളെയും ദുരുപയോഗം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജുഡീഷ്യറി തകര്‍ക്കപ്പെടാന്‍ പാടില്ല.

ഞാന്‍ തുടക്കം മുതല്‍ തന്നെ പറയുന്നതാണ് എനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം ഉണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. പക്ഷേ നീതി വൈകുന്നു അതൊരു നീതി നിഷേധമാണ്. ഞാന്‍ വീണ്ടും അതാവര്‍ത്തിക്കുന്നു. ഞാനടക്കമുള്ള മുഴുവന്‍ പൗരന്മാര്‍ക്കും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാവണമെങ്കില്‍ നമ്മുടെ ജുഡീഷ്യറി സ്വതന്ത്രമായി നില്‍ക്കണം

content highlight : sidheeq kappan interview part 2

 

അഷ്‌റഫ് അഹമ്മദ് സി.കെ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. സോഷ്യോളജിയില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.