national news
ഹിന്ദുസ്ഥാന്‍ ഹമാര; ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവുമായി പഹല്‍ഗാം നിവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 10:40 am
Sunday, 27th April 2025, 4:10 pm

ശ്രീനഗര്‍: ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവുമായി പഹല്‍ഗാം നിവാസികള്‍. ഹിന്ദുസ്ഥാന്‍ ഹമാര എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

ചൊവ്വാഴ്ച പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ഭീകരാക്രമണം നടന്നതിന് പിന്നാലെ പഹല്‍ഗാം മേഖലയിലെ ടൂറിസം മേഖല നിശ്ചലമായതോടെയാണ് പ്രതിഷേധം.

പ്രിയപ്പെട്ട ടൂറിസ്റ്റുകളെ കൊല്ലുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഭീകരരെ കൊണ്ട് പൊറുതിമുട്ടിയെന്നും ഭീകരരെ തൂക്കിലേറ്റണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടതായി ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കശ്മീരിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പഹല്‍ഗാം. പ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗം പേരും ടൂറിസത്തെയായിരുന്നു ഉപജീവനത്തിനായി ആശ്രയിച്ചിരുന്നത്. കുതിരസവാരി, ടൂറിസ്റ്റ് ഗൈഡിങ് ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങളായിരുന്നു പ്രദേശവാസികള്‍ക്കുണ്ടായിരുന്നത്.

ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ആക്രമണമുണ്ടായത്. ഒരു കശ്മീര്‍ നിവാസി ഉള്‍പ്പെടെ 26 പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

Content Highlight: Hindustan Hamara; Pahalgam residents protest against terror attack