നമ്മുടെ നാട്ടില്‍ ജെ.സി.ബി കണ്ടാല്‍ പോലും ആളുകള്‍ കൂടും, പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് വന്ന ആള്‍ക്കൂട്ടം കണ്ട് എനിക്കൊന്നും തോന്നിയില്ല: സിദ്ധാര്‍ത്ഥ്
Entertainment
നമ്മുടെ നാട്ടില്‍ ജെ.സി.ബി കണ്ടാല്‍ പോലും ആളുകള്‍ കൂടും, പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് വന്ന ആള്‍ക്കൂട്ടം കണ്ട് എനിക്കൊന്നും തോന്നിയില്ല: സിദ്ധാര്‍ത്ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2024, 9:59 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സിദ്ധാര്‍ത്ഥ്. ശങ്കര്‍ സംവിധാനം ചെയ്ത ബോയ്സിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമയിലേക്ക് കടന്നുവന്നത്. മണിരത്നം സംവിധാനം ചെയ്ത ആയുത എഴുത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചു.

പുഷ്പ 2വിന്റെ ട്രെയ്‌ലറിന് ബിഹാറില്‍ കൂടിയ ആള്‍ക്കൂട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്. അതെല്ലാം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണ് തനിക്ക് തോന്നിയതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. നമ്മുടെ നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കിന് ജെ.സി.ബി കൊണ്ടുവെച്ചാല്‍ അത് കാണാന്‍ തന്നെ ആളുകള്‍ കൂടുമെന്നും അതുപോലെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചിലെ ആള്‍ക്കൂട്ടത്തെപ്പറ്റി തോന്നിയുള്ളൂവെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

വലിയ ഗ്രൗണ്ടും മാനേജ് ചെയ്യാന്‍ ആളുകളുമുള്ളതുകൊണ്ട് പാട്‌നയില്‍ അത്രയും ആളുകള്‍ കൂടിയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. പുഷ്പയുടെ ടീമിന് കാണിക്കാന്‍ ഒരു പാട്ടും അതിലെ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നെന്നും അത് കണ്ടാണ് ആളുകള്‍ കൂടുന്നതെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ടമാണ് വിജയത്തിന്റെ അടിസ്ഥാനമെങ്കില്‍ നാട്ടിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും അധികാരത്തിലെത്തിയേനെയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

തന്റെ കാലത്ത് പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇതുപോലെ ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നെന്നും ക്വാര്‍ട്ടറിനും ബിരിയാണിക്കും വേണ്ടി ആളുകള്‍ കൂടുമായിരുന്നെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. എവിടെയാണോ കൂടുതല്‍ കൈയടി കിട്ടുന്നത് അവരാണ് രാജാവെന്ന ചിന്ത പലര്‍ക്കുമുണ്ടെന്നും കൈയടി നേടുന്നത് ഇന്നത്തെ കാലത്ത് എളുപ്പമാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. മദന്‍ ഗൗരിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.

‘ബിഹാറില്‍ അത് വലിയ ആള്‍ക്കൂട്ടം വന്നതില്‍ എനിക്ക് ഒന്നും തോന്നിയില്ല. നമ്മുടെ നാട്ടില്‍ ഒരു ജെ.സി.ബി. കൊണ്ടുവന്ന് നിര്‍ത്തിയാല്‍ തന്നെ അത് കാണാന്‍ ആളുകള്‍ കൂടും. അതുപോലെ തന്നെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പാട്‌നയില്‍ ആളുകള്‍ കൂടുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നിയുള്ളൂ. അതൊരു മാര്‍ക്കറ്റിങ് ടൂളാണ്. വലിയ ഗ്രൗണ്ടും തിരക്ക് മാനേജ ചെയ്യാന്‍ ആളുകളും ഉള്ളതുകൊണ്ട് അത് നടന്നു. അവരുടെ കൈയില്‍ പാട്ടുകളും സിനിമയുമുണ്ടായിരുന്നത് കൊണ്ടാണ് അത്ര വലിയ ആള്‍ക്കൂട്ടം.

വലിയ ആള്‍ക്കൂട്ടങ്ങള്‍ വിജയത്തിനെ സൂചിപ്പിക്കുമെങ്കില്‍ നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്നേനെ. ഞങ്ങളുടെ കാലത്ത് ക്വാര്‍ട്ടറിനും ബിരിയാണിക്കും ചേരുന്ന കൂട്ടം എന്ന വിളിപ്പേരുണ്ട്. എവിടെ കൂടുതല്‍ കൈയടിയുണ്ടോ അവിടെ രാജാവാകുമെന്ന ചിന്തയുണ്ട്. ഇന്നത്തെ കാലത്ത് കൈയടി കിട്ടാന്‍ വളരെ എളുപ്പമാണ്,’ സിദ്ധാര്‍ത്ഥ് പറയുന്നു.

Content Highlight: Siddharth about the crowd gathered during Pushpa 2 trailer launch in Patna