മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്രുതി മേനോന്‍. അഭിനയത്തിന് പുറമെ ടെലിവിഷന്‍ അവതാരകയായും മോഡലായും ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രുതി. മലയാളം, ഇംഗ്ലീഷ്, മറാത്തി, ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും ഭാഗമായ നടി കൂടിയാണ് അവര്‍.
2004ല്‍ സഞ്ചാരം എന്ന ഫീച്ചര്‍ ഫിലിമിലൂടെ അഭിനയം ആരംഭിച്ച ശ്രുതി കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വരാഗം, തത്സമയം ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ 2016ല്‍ ഇറങ്ങിയ കിസ്മത്ത് എന്ന സിനിമയിലൂടെയാണ് ഇന്നത്തെ സിനിമാപ്രേമികള്‍ക്ക് ശ്രുതിയെ പരിചയം.
2010ല്‍ ടി.ഡി. ദാസന്‍ Std. VI ബി എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. മികച്ച ചിത്രമായിരുന്നിട്ട് കൂടിയും പ്രതീക്ഷിച്ച വിജയം ഈ സിനിമ നേടിയിരുന്നില്ല. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് ശ്രുതി മേനോന്‍.
‘വളരെ നല്ല ഒരു കഥയാണ് ആ സിനിമയുടേത്. കണ്ടവര്‍ക്കെല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു ടി.ഡി ദാസന്‍. വളരെ ഇമോഷണലായ ഒരു സിനിമ തന്നെയായിരുന്നു അത്. രണ്ടുകുട്ടികള്‍ പരസ്പരം കത്ത് എഴുതുന്നതാണ് ആ സിനിമയില്‍ പറയുന്നത്.
നിര്‍ഭാഗ്യവശാല്‍ ടി.ഡി ദാസന്‍ ഒരുപാട് ആളുകളൊന്നും കണ്ടിട്ടില്ല. പക്ഷെ കണ്ടവര്‍ക്കൊക്കെ നന്നായി ഇഷ്ടപ്പെട്ടു. എന്നെ ആളുകള്‍ കിസ്മത്ത് എന്ന സിനിമയിലൂടെയാണ് ഓര്‍ക്കുന്നത്. ടി.ഡി ദാസന്‍ കണ്ടവര്‍ കുറവായത് കാരണമാകാം അത്.
ആ സിനിമ ഇപ്പോള്‍ എവിടെ കിട്ടുമെന്ന് എനിക്ക് അറിയില്ല. യൂട്യൂബില്‍ ഉണ്ടാകുമോ എന്നും അറിയില്ല. എല്ലാവരും കാണേണ്ട സിനിമ തന്നെയാണ് അത്. അത്രയേറെ ഭംഗിയുള്ള സിനിമയാണ്. അങ്ങനെയൊരു സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ എനിക്ക് സന്തോഷമുണ്ട്,’ ശ്രുതി പറയുന്നു.
Content Highlight: Shruthy Menon Talks About TD Dasan Std 6B Movie