തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് മാത്രമുള്ള പോക്കില്‍ നിന്നും രക്ഷപ്പെടാനുറച്ചാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സീസണിലെ പത്താം മത്സരത്തിനിറങ്ങിയിരിക്കുന്നത്. തങ്ങളുടെ ഹോം സ്റ്റേഡിയമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഇടക്കാല ക്യാപ്റ്റന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ഐ.പി.എല്‍ 2024ന് ശേഷം ജോസ് ബട്‌ലര്‍ എസ്.എം.എസ്സില്‍ തിരിച്ചെത്തുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ മാച്ചിനുണ്ടായിരുന്നു. തന്റെ പഴയ തട്ടകത്തില്‍ പുതിയ ജേഴ്‌സിയില്‍ ബട്‌ലര്‍ കളത്തിലിറങ്ങി.
തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയ ബട്‌ലര്‍ ഒരു മികച്ച നേട്ടവും സ്വന്തമാക്കിയിരിരിക്കുകയാണ്. ജയ്പൂര്‍ സ്റ്റേഡിയത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തിയാണ് ബട്‌ലര്‍ കത്തിക്കയറിയത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ മറികടന്നുകൊണ്ടായിരുന്നു ബട്‌ലറിന്റെ റെക്കോഡ് നേട്ടം.
2016ല്‍ ആരംഭിച്ച തന്റെ ഐ.പി.എല്‍ കരിയറിലെ സിംഹഭാഗവും ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. ഈ സ്റ്റേഡിയത്തില്‍ സഞ്ജുവൊഴികെ മറ്റേത് താരത്തേക്കാളും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്തും ഇംഗ്ലീഷ് താരത്തിനുണ്ട്.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
അജിന്‍ക്യ രഹാനെ – 1115
ഷെയ്ന്‍ വാട്സണ്‍ – 875
ജോസ് ബട്‌ലര്‍ – 806*
സഞ്ജു സാംസണ്‍ – 804
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് രണ്ടാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് പുറത്തായത്. വീണ്ടും സെഞ്ച്വറിക്ക് തൊട്ടരികിലെത്തിയായിരുന്നു ക്യാപ്റ്റന്റെ മടക്കം. മഹീഷ് തീക്ഷണയുടെ പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
Painted the Pink City with pure class 🤩 pic.twitter.com/PzxzGAZDSd
— Gujarat Titans (@gujarat_titans) April 28, 2025
നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ 168ന് രണ്ട് എന്ന നിലയിലാണ് ടൈറ്റന്‍സ്. 21 പന്തില്‍ 37 റണ്‍സുമായി ബട്‌ലറും ഒരു പന്തില്‍ ഒരു റണ്ണുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജന്നത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുദ്ധ്‌വീര്‍ സിങ്.
Content Highlight: IPL 2024: GT vs RR: Jos Buttler surpassed Sanju Samson in most runs at Jaipur