IPL
നേടിയത് 84 റണ്‍സ്, എന്നാല്‍ സ്വന്തമാക്കിയത് ഐതിഹാസിക സെഞ്ച്വറി; ചരിത്രമെഴുതി ക്യാപ്റ്റന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 04:30 pm
Monday, 28th April 2025, 10:00 pm

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 210 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും മുന്‍ രാജസ്ഥാന്‍ താരം ജോസ് ബട്‌ലറിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഗില്‍ 50 പന്തില്‍ 84 റണ്‍സും ബട്‌ലര്‍ 26 പന്തില്‍ പുറത്താകാതെ 50 റണ്‍സും സ്വന്തമാക്കി.

അഞ്ച് ഫോറും നാല് സിക്‌സറും അടക്കം 168.00 സ്‌ട്രൈക്ക് റേറ്റിലാണ് ഗില്‍ റണ്ണടിച്ചുകൂട്ടിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും താരം ഇടം നേടി. ഐ.പി.എല്ലില്‍ നൂറ് സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ ഇടം നേടിയാണ് ഗില്‍ റെക്കോഡിട്ടത്.

ഐ.പി.എല്ലില്‍ നൂറ് സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

കെ.എല്‍. രാഹുല്‍ – 174

വിരാട് കോഹ്‌ലി – 171

ശിഖര്‍ ധവാന്‍ – 143

രോഹിത് ശര്‍മ – 135

വിരേന്ദര്‍ സേവാഗ് – 104

ശുഭ്മന്‍ ഗില്‍ – 100*

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

സായ് സുദര്‍ശനെ മടക്കി മഹീഷ് തീക്ഷണയാണ് കൂട്ടുകെട്ട് പൊളിച്ചത്. 30 പന്തില്‍ 39 റണ്‍സുമായി നില്‍ക്കവെ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

നേരത്തെ വ്യക്തിഗത സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ സായ് സുദര്‍ശനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഷിംറോണ്‍ ഹെറ്റ്മെയര്‍ തുലപ്പിച്ചു കളയുകയായിരുന്നു. ഒട്ടും എഫേര്‍ട്ട് എടുക്കാതെ അനായാസമായി കയ്യിലൊതുക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ച് താരം കൈവിട്ടുകളഞ്ഞു.

വണ്‍ ഡൗണായെത്തിയ ജോസ് ബട്‌ലറിനൊപ്പവും ഗില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സായ് സുദര്‍ശന് ശേഷം ക്രീസിലെത്തിയ ബട്‌ലര്‍ പതിഞ്ഞാണ് തുടങ്ങിയതെങ്കിലും ഇതിനോടകം ക്രീസില്‍ നിലയുറപ്പിച്ച ഗില്‍ മികച്ച ഷോട്ടുകളുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

രാജസ്ഥാന്റെ ലങ്കന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി ബട്‌ലറും വെടിക്കെട്ടിന്റെ ഭാഗമായി. രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുമായി ഗില്‍-ബട് സഖ്യവും തിളങ്ങി.

ടീം സ്‌കോര്‍ 167ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ മടക്കി മഹീഷ് തീക്ഷണ ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.

വാഷിങ്ടണ്‍ സുന്ദര്‍ (എട്ട് പന്തില്‍ 13), രാഹുല്‍ തെവാട്ടിയ (നാല് പന്തില്‍ ഒമ്പത്) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ബട്‌ലര്‍ ഉറച്ചുനിന്നു.

ഇന്നിങ്‌സിലെ അവസാന പന്തില്‍ ഡബിളോടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ടൈറ്റന്‍സിന് 209 റണ്‍സിന്റെ ടോട്ടലും സമ്മാനിച്ചു.

രാജസ്ഥാനായി മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മൂന്ന് ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ് നേടി. ജെയ്‌സ്വാള്‍ 11 പന്തില്‍ 21 റണ്‍സും വൈഭവ് സൂര്യവംശി ഏഴ് പന്തില്‍ ഒമ്പത് റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജന്നത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുദ്ധ്‌വീര്‍ സിങ്.

 

Content Highlight: IPL 2025: RR vs GT: Shubman Gill completed 100 sixes as opener