കൊച്ചി: ലഹരിക്കെതിരായ ഏതൊരു വേട്ടയും ശുദ്ധീകരണത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍. എന്നാല്‍ ഈ ശുദ്ധീകരണ പ്രക്രിയ ശരിയായ വഴിയിലൂടെയാണോ നടക്കുന്നതെന്ന് തനിക്ക് ആശയങ്കയുണ്ടെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി മീറ്റ് ദ എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇക്കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് പതിനായിരത്തിലധികം ലഹരി കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഇതൊരു ചെറിയ ഡ്രൈവല്ല, കൂടാതെ 3000ത്തോളം അറസ്റ്റുകളും നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ വലിയ രീതിയില്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നും ഉണ്ണി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള കൊലപാതകം വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ നടപടി എടുക്കേണ്ടതുണ്ട്. അത് കൃത്യമായി തന്നെ നടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, ഛായാഗ്രഹനായ സമീര്‍ താഹിര്‍ എന്നിവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് വെറും 1.6 ഗ്രാം കഞ്ചാവ്. ഈ സംഭവത്തെ താന്‍ നിസാരവത്ക്കരിക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് (തിങ്കള്‍) അറസ്റ്റിലായ റാപ്പര്‍ വേടന്‍ അടക്കമുള്ളവരില്‍ നിന്ന് കണ്ടെത്തിയത് അഞ്ച് ഗ്രാം കഞ്ചാവാണ്. ഇതൊക്കെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന ചെറിയ കേസുകളാണ്. എന്നാല്‍ ഇതൊക്കെ വലിയ ഹൈപ്പ് ക്രിയേറ്റ് ചെയ്യുന്നുണ്ട്. ഇവരെല്ലാം സെലിബ്രിറ്റികള്‍ ആയതുകൊണ്ട് തന്നെ എല്ലാ മാധ്യമങ്ങളും 24 മണിക്കൂറും ഇതൊക്കെ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുക. അതിന് നമ്മള്‍ നിര്‍ബന്ധിതരാകുകയാണെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറയുന്നു.
‘പല രാജ്യങ്ങളും കഞ്ചാവിനെ വലിയ ലഹരിയായി കാണുന്നില്ല. അമേരിക്കയില്‍ വാഷിങ്ടണ്‍ ഡി.സി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കഞ്ചാവിനെ നിയമവിധേയമാക്കിയിട്ടുണ്ട്. ഏഴ് ഗ്രാം കൈയില്‍ വെക്കാമെന്നും നാല് ചെടികള്‍ നട്ടുവളര്‍ത്താമെന്നും അമേരിക്കയില്‍ നിയമമുണ്ട്. കാനഡ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെല്ലാം 40 ഗ്രാം കഞ്ചാവ് വരെ കൈയില്‍ വെക്കാം. ഓര്‍ഗാനിക്കായിട്ടുള്ള ലഹരിയായാണ് ലോകം കഞ്ചാവിനെ കാണുന്നത്,’ ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.
കഞ്ചാവിനെ താന്‍ ന്യായീകരിക്കുകയല്ലെന്നും രാസലഹരിയാണ് സംസ്ഥാനം നേരിടുന്ന ഇപ്പോഴത്തെ പ്രശ്‌നമെന്നും ഉണ്ണി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ കേസ് ഗൗരവതരമാണ്. നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയ വിവരങ്ങളില്‍ ഷൈന്‍ വെള്ളപ്പൊടി തുപ്പിയതായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷങ്ങളിലേക്ക് കടന്നുവരുന്ന ഡ്രഗാണ് ഏറ്റവും വലിയ പ്രശ്‌നം. 2023ല്‍ കൊച്ചിയില്‍ നിന്ന് എന്‍.സിബിയുടെ നേതൃത്വത്തില്‍ 15000 കോടി രൂപയുടെ രാസവസ്തുവാണ് നമ്മള്‍ പിടിച്ചെടുത്തത്.
ഇത്തരത്തിലുള്ള സിന്തറ്റിക് ഡ്രഗുകളെ കേന്ദ്രീകരിച്ച് അന്വേഷണവും പരിശോധനയും നടത്താന്‍ നമുക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടോ? അതോ ഹെഡ്‌ലൈനുകൾ ഉണ്ടാക്കുന്ന വിധത്തില്‍ ‘സെലിബ്രിറ്റികളില്‍ നിന്ന് ഒരു ഗ്രാം രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചു’ എന്നുള്ള വലിയ വാര്‍ത്തകള്‍ നല്‍കി യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് വഴിത്തിരിഞ്ഞ് പോകുന്നുണ്ടോ എന്നാണ് തന്റെ സംശയമെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.
Content Highlight: The state’s problem is chemical intoxication, not cannabis: Unni Balakrishnan