പാലക്കാട്: പാകിസ്ഥാനുമായി ഒരു യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ അടിയന്തരമായി ബംഗറുകള്‍ പണിയാന്‍ കേരള സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം.
ചൈനയും തുര്‍ക്കിയും എന്ത് നിലപാട് സ്വീകരിച്ചാലും അത്യന്തികമായി സ്വന്തം പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കുക എന്നത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതില്‍ നിന്ന് ഒരു തരിമ്പു പോലും പിന്മാറരുതെന്നും ഏതു നഷ്ടവും സഹിക്കാന്‍ തയ്യാറാകണമെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.
‘ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കും ബലാകോട്ട് എയര്‍ സ്‌ട്രൈക്കുമൊന്നും പാക്കിസ്ഥാന്റെ അഹങ്കാരത്തിന് കുറവ് വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് കുറച്ചുകൂടി ശക്തമായ വ്യാപകമായ തിരിച്ചടി തന്നെ ആവശ്യമുണ്ട്. ഇത് വാര്‍ മോങ്കറിങ് ഒന്നുമല്ല. എന്നാല്‍ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതുണ്ട്. ജീവത്യാഗം ചെയ്ത ഇന്ത്യന്‍ പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കേണ്ടതുണ്ട്. അതിന് ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്,’ സന്ദീപ് വാര്യര്‍ പറഞ്ഞു.
1971ല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍പട വന്നിട്ടും പോടാ പുല്ലേ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു. അന്നും ചൈന ഒളിഞ്ഞും തെളിഞ്ഞും പാക്കിസ്ഥാനൊപ്പമായിരുന്നു. 140 കോടി ജനങ്ങളുടെ മാര്‍ക്കറ്റാണ് ഇന്ത്യ എന്ന ബോധം ചൈനയ്ക്കും വേണമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ കഴിയാത്ത സാഹചര്യം ചൈനീസ് കപ്പലുകള്‍ക്ക് തീര്‍ക്കാന്‍ ഇന്ത്യന്‍ നാവികസേനക്ക് സാധിക്കുമെന്നും സന്ദീപ് പറയുന്നു. ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളില്‍ സമാന നിലപാട് ഇന്ത്യക്കും സ്വീകരിക്കാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. നാവികസേന ആസ്ഥാനം എന്ന നിലയ്ക്ക് കൊച്ചി വള്‍നറബിള്‍ ആണ്. തീര്‍ച്ചയായും ശത്രു ലക്ഷ്യം വെക്കുന്ന ഒരു നഗരം കൊച്ചിയായിരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയും എയര്‍ഫോഴ്‌സും ശത്രുവിനെ നേരിടാന്‍ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. യുദ്ധമുണ്ടായാല്‍ അത് പഞ്ചാബിലും കശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നില്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കരുതെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.
Content Highlight: Sandeep varier says Kerala is likely to become a battlefield if there is a war with Pakistan