തൃശൂര്‍: പാലിയേക്കരയില്‍ താത്കാലികമായി ടോള്‍പ്പിരിവ് നിര്‍ത്തിവെച്ചു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ടോള്‍പ്പിരിവ് നിര്‍ത്തിവെച്ചത്. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
പ്രസ്തുത ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. ഗതാഗതസൗകര്യം ഉറപ്പാക്കിയതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും അറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പാലിയേക്കരയിലെ ടോള്‍പ്പിരിവും ഗതാഗതക്കുരുക്കും സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് പാലിയേക്കരയിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
നാഷണല്‍ ഹൈവേ 544ല്‍ ചിറങ്ങര ഭാഗത്തായാണ് ഗതാതഗതക്കുരുക്ക് കൂടുതലായും ഉണ്ടാകുന്നത്. ഗതാഗതക്കുരുക്കില്‍ പരാതികള്‍ ഉയര്‍ന്നതോടെ എത്രയും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
നിലവില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് പൊലീസിന്റെ സഹായം തേടാമെന്നും ജില്ലാ കലക്ടറിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
അതേസമയം പാലിയേക്കരയിലെ ടോള്‍പ്പിരിവ് ഇതിനുമുമ്പും മരവിപ്പിച്ചിരുന്നു. എന്നാല്‍ കരാര്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
2025 ഫെബ്രുവരി 25, ഏപ്രില്‍ നാല്, 22 എന്നീ തീയതികളിലായി നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ടോള്‍പ്പിരിവ് മരവിപ്പിച്ചുകൊണ്ട് ഏപ്രില്‍ 16ന് സ്വീകരിച്ച തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കുകയാണ് ചെയ്തത്.
ഏപ്രില്‍ 28നകം ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ഉപാധിയോടെയാണ് തീരുമാനം പിന്‍വലിച്ചത്. അല്ലാത്തപക്ഷം തീരുമാനം പുനഃസ്ഥാപിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.
എന്നാല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ നാഷണല്‍ ഹൈവേ അതോറിറ്റി പറയപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ടോള്‍പ്പിരിവ് നിര്‍ത്തിവെച്ചുകൊണ്ട് കളക്ടര്‍ ഉത്തരവിറക്കിയത്.
Content Highlight: Toll collection temporarily suspended in Paliyekkara