Entertainment
ഞാനിതുവരെ പള്ളീലച്ചന്റെ വേഷം ചെയ്തിട്ടില്ല; ആദ്യത്തെ വൈദീകനെ ചെയ്യുമ്പോള്‍ ആ നടനെ മനസില്‍ ഓര്‍ക്കണം: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 04:54 pm
Monday, 28th April 2025, 10:24 pm

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളില്‍ കോമഡി വേഷങ്ങള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അധിപന്‍ എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതി. നാല് പതിറ്റാണ്ടായി സിനിമയില്‍ സജീവ സാന്നിധ്യമായ ജഗദീഷ് നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രം ഏതാണെന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് ജഗദീഷ്. ചെയ്യണം എന്ന ആഗ്രഹമുള്ള കഥാപാത്രങ്ങളൊന്നും ഇപ്പോള്‍ തന്റെ മുന്നില്‍ ഇല്ലെന്ന് ജഗദീഷ് പറയുന്നു. എന്നാല്‍ താന്‍ ഇതുവരെയും പള്ളീലച്ചന്റെ വേഷം ചെയ്തിട്ടില്ലെന്നും അടുത്ത സിനിമയില്‍ അത് ചെയ്യുന്നുണ്ടെന്നും ജഗദീഷ് പറഞ്ഞു.

പള്ളീലച്ചന്റെ വേഷമെല്ലാം ചെയ്യുമ്പോള്‍ പതിനഞ്ച് പള്ളീലച്ചന്‍ വേഷവും വ്യത്യസ്തമായി ചെയ്ത നെടുമുടി വേണുവിനെ മനസില്‍ വെച്ചുവേണം ആദ്യത്തെ വൈദീകനെ ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ചെയ്യണം എന്ന ആഗ്രഹമുള്ള ഒരു കഥാപാത്രമായിട്ട് ഒന്നും എന്റെ മനസിലില്ല. അടുത്തതായി ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയില്‍ എന്റെ വേഷം ഒരു പള്ളീലച്ചനായിട്ടാണ്. അത് ഞാന്‍ ഇതുവരെയും ചെയ്തിട്ടില്ല. ഇത്രയും വര്‍ഷത്തെ കരിയറില്‍ പള്ളീലച്ചന്റെ വേഷം ഞാന്‍ ഇതുവരെയും ചെയ്തിട്ടില്ല.

അങ്ങനെ ചെയ്യാതെ വേഷം വരുമ്പോള്‍ ചെയ്ത് ഫലിപ്പിക്കേണ്ടത് വളരെ റിസ്‌ക്കാണ്. കാരണം പതിനഞ്ച് പള്ളീലച്ചന്‍ വേഷം ചെയ്ത് പതിനഞ്ചിലും വൈവിധ്യം കൊണ്ടുവന്ന നെടുമുടി ചേട്ടന്‍ നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. അത് മനസില്‍ ഓര്‍ത്തുകൊണ്ടുവേണം നമ്മള്‍ ആദ്യത്തെ വൈദീകനെ ചെയ്യാന്‍,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Says he haven’t played the role of Priest yet