ലോകക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് ബാറ്റലും ഇതുതന്നെയായിരിക്കും. 2011 ലോകകപ്പില്‍ ഇരു ടീമുകളും സെമി ഫൈനലില്‍ ഏറ്റുമുട്ടിയരുന്നു. ഇന്ത്യയായിരുന്നു മത്സരം വിജയിച്ചത്.
ആ തോല്‍വി തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട് എന്നാണ് മുന്‍ പാക് പേസ് ഇതിഹാസമായ ഷോയിബ് അക്തര്‍ പറയുന്നത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് സമര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഉപയോഗിക്കാന്‍ പാകിസ്ഥാനായില്ല എന്നായിരുന്നു ഷോയിബിന്റെ വാക്കുകള്‍. മത്സരത്തില്‍ ഷോയിബിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു.
‘മൊഹാലിയുടെ ഓര്‍മ്മ എന്നെ ഇപ്പോഴും വേട്ടയാടുന്നു. 1.3 ബില്യണ്‍ ജനങ്ങളും മാധ്യമങ്ങളും ഇന്ത്യയുടെ പിറകെ ഉള്ളതിനാല്‍ അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞങ്ങള്‍ അണ്ടര്‍ഡോഗ്‌സ് ആയിരുന്നു. ഞങ്ങള്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താന്‍ പാടില്ലായിരുന്നു. മത്സരശേഷം ഞാന്‍ വളരെ സങ്കടപ്പെട്ടു, കാരണം ഞാന്‍ ആ കളി കളിച്ചിരുന്നെങ്കില്‍, ഞാന്‍ സേവാഗിനെയും സച്ചിനെയും ഔട്ടാക്കുമായിരുന്നു. ഈ രണ്ട് കളിക്കാരെ ടോപ് ഓര്‍ഡറില്‍ നിന്നും പിടിച്ചാല്‍ ഇന്ത്യ തകരുമെന്ന് എനിക്കറിയാമായിരുന്നു,’ അക്തര്‍ പറഞ്ഞു.
85 റണ്‍സ് നേടിയ സച്ചിനായിരുന്നു കളിയിലെ താരം. മികച്ച തുടക്കം നല്‍കിയായിരുന്നു സെവാഗ് പുറത്തായത്.
മത്സരം തോറ്റപ്പോള്‍ ഡ്രസിങ് റൂമില്‍ ഒരുപാട് സാധനങ്ങള്‍ എറിഞ്ഞ് പൊട്ടിച്ചതായും അക്തര്‍ പറഞ്ഞു.
‘പാകിസ്ഥാന്‍ തോല്‍ക്കുന്നത് കാണാന്‍ ആ ആറ് മണിക്കൂര്‍ ചെലവഴിച്ചതെങ്ങനെയെന്ന് എനിക്കറിയാം. ഞാന്‍ കരയുന്ന ആളല്ല, പക്ഷേ ഞാന്‍ എന്റെ ദേഷ്യം തീര്‍ക്കുന്നത് കയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ എറിഞ്ഞു തകര്‍ത്തുകൊണ്ടാണ്. അതുകൊണ്ട് ഞാന്‍ ഡ്രസിംങ് റൂമിലെ കുറച്ച് സാധനങ്ങള്‍ തകര്‍ത്തു. ഞാന്‍ വളരെ നിരാശനുമായിരുന്നു, അതുപോലെ മുഴുവന്‍ പാകിസ്ഥാന്‍ ജനതയും. ആദ്യ പത്ത് ഓവറുകളുടെ കളിയായിരുന്നു അത്,’അക്തര്‍ പറഞ്ഞു
ആ മത്സരത്തില്‍ തന്നെ ഫിറ്റ് അല്ലെന്ന് പറഞ്ഞായിരുന്നു ഇറക്കാതിരുന്നത് എന്നാണ് ഷോയിബ് പറയുന്നത്. തനിക്ക് വാങ്കെഡയില്‍ പാകിസ്ഥാന്‍ കൊടി പാറിച്ചുകൊണ്ട് കളി നിര്‍ത്തണമെന്നായിരുന്നു ആഗ്രഹം എന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അവര്‍ എന്നെ കളിപ്പിക്കണമായിരുന്നു. മാനേജ്മെന്റ് എന്നെ കളിപ്പിച്ചില്ല, അത് അന്യായമായിരുന്നു. ഈ രണ്ട് മത്സരങ്ങള്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. വാങ്കഡെയില്‍ പാകിസ്ഥാന്‍ പതാക ഉയരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ ഫിറ്റായിരുന്നില്ല എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. പക്ഷേ ഞാന്‍ വാം അപ് ചെയ്യുമ്പോള്‍ എട്ട് ഓവര്‍ ബൗള്‍ ചെയ്തിരുന്നു. എന്നെ ഇറക്കാതിരുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു,’ അക്തര്‍ പറഞ്ഞു.
മത്സരത്തില്‍ ജയിച്ച ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചുകൊണ്ട് ലോകകപ്പ് ഉയര്‍ത്തുകയായിരുന്നു.