Advertisement
national news
ബീഹാറില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി ശിവസേന; പപ്പു യാദവുമായും ചര്‍ച്ച; സഞ്ജയ് റാവത്ത് പട്‌നയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 13, 08:33 am
Tuesday, 13th October 2020, 2:03 pm

മുംബൈ: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40-50 സീറ്റുകളില്‍ വരെ മത്സരിച്ചേക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യ രൂപീകരണത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക നേതാക്കളുമായി സഖ്യ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ഉടന്‍ പട്‌ന സന്ദര്‍ശിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പിയുമായും സഖ്യമുണ്ടാക്കുന്നത് തള്ളാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശിവസേന 40-50 സീറ്റുകളില്‍ വരെ മത്സരിച്ചേക്കും. അടുത്തയാഴ്ച പട്‌നയിലേക്ക് പോകുന്നുണ്ട്. ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് അടക്കമുള്ളവര്‍ ഞങ്ങളുമായി ചര്‍ച്ചയിലാണ്,’സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലേതിന് സമാനമായി എന്‍.സി.പിയുമായി ബീഹാറില്‍ സഖ്യമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സഖ്യ രൂപീകരണത്തില്‍ തീരുമാനമായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി മൂന്ന് പാര്‍ട്ടികളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്ര ശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, എം.കെ ഫൈസിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നിവരുമായാണ് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത്.

ബീഹാറില്‍ എന്‍.ഡി.എയ്‌ക്കെതിരെ മത്സരിക്കാന്‍ നിലവിലുണ്ടാക്കിയ മഹാഖ്യത്തില്‍ കോണ്‍ഗ്രസിനെയും പപ്പു യാദവ് ക്ഷണിച്ചിട്ടുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മഹാരാഷ്ട്രയുടെ പരിസ്ഥിതി ടൂറിസം മന്ത്രി ആദിത്യ താക്കറെയും ശിവസേനയുടെ മുഖ്യ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വെര്‍ച്വല്‍ റാലി നടത്തിയേക്കും. ഉദ്ദവ് താക്കറെ നയിക്കുന്ന റാലിയില്‍ സഞ്ജയ് റാവത്ത്, രാജ്യസഭാ എം.പി അനില്‍ ദേശായി, പ്രിയങ്കാ ചതുര്‍ വേദി എന്നിവരാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രകള്‍ക്ക് നേതൃത്വം വഹിക്കുന്ന താര പ്രചാരകര്‍.

ലോക്‌സഭാ എം.പിമാരായ അരവിന്ദ് സാവന്ത്, കൃപാല്‍ തുമേന്‍, വിനായക് റാവത്ത്, മുന്‍ എം.പി ചന്ദ്രകാന്ത് ഖൈറെ എന്നിവരും പട്ടികയിലുണ്ട്.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shivsena on talk with local parties in Bihar; will visit Bihar next week