മോദി വിചാരിച്ചാല്‍ അഞ്ച് മിനുട്ട് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളു ഈ പ്രശ്‌നം; കര്‍ഷക പ്രക്ഷോഭത്തില്‍ സഞ്ജയ് റാവത്ത്
national news
മോദി വിചാരിച്ചാല്‍ അഞ്ച് മിനുട്ട് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളു ഈ പ്രശ്‌നം; കര്‍ഷക പ്രക്ഷോഭത്തില്‍ സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 7:57 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പ്രധാനമന്ത്രി ഒന്ന് ഇടപെട്ടാല്‍ തീരാവുന്നതേയുള്ളുവെന്ന് ശിവസനേ നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്.

കാര്‍ഷിക നിയമത്തിനെതിരെ 21 ദിവസമായി തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

‘സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. വേണമെന്നുണ്ടെങ്കില്‍ മോദിയൊന്ന് മനസുവെച്ചാല്‍ പ്രശ്‌നം അഞ്ച് മിനുട്ട് കൊണ്ടും പരിഹരിക്കാം,’ സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രതിഷേധിക്കുന്നത് ഇന്ത്യയിലെ കര്‍ഷകരാണെന്നും സര്‍ക്കാര്‍ ഉറപ്പായും അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കേന്ദ്രം പ്രശ്‌നം വലിച്ച് നീട്ടിയെന്നും ഇങ്ങനെ വലിച്ചിഴക്കുന്നത് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാ രണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ പേരില്‍ പാര്‍ലമെന്റിലെ ശീത കാല സമ്മേളനം മാറ്റിവെച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചും സഞ്ജയ് റാവത്ത് രംഗത്തെത്തി.

‘ഈ സെഷന്‍ നടത്താതിരിക്കുന്നതെന്തിനാണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. കാരണം ഇവിടെ ജനാധിപത്യം ഉള്ളതുകൊണ്ട് തന്നെ അത് നടത്തേണ്ടതാണ്, സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.

ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടിയുള്ള എല്ലാ കര്‍ഷക സംഘടനകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കാനാണ് സുപ്രീംകോടതിയുടെ നീക്കം.

‘എത്രയും പെട്ടെന്ന് പ്രതിഷേധത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാരിനെ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ദേശീയ പ്രശ്നമായി കര്‍ഷക പ്രതിഷേധം മാറും,” കോടതി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു.

അതേസമയം, കര്‍ഷക പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് മറ്റുവഴികളെക്കുറിച്ചും ആലോചിക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പഞ്ചാബിനെയും ഹരിയാനെയും ഉത്തര്‍പ്രദേശിനെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ ധാരണ. എന്നാല്‍ ഔദ്യോഗികമായി ഇത് സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shiv Sena’s Sanjay Raut says Farm Laws row can be solved in 5 minutes if PM Modi Steps In