ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ ഇന്ന് തിളങ്ങിനില്‍ക്കുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. 2015 തന്റെ കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ ഷൈന്‍ അറസ്റ്റിലായതും രണ്ട് മാസത്തോളം ജയിലില്‍ കിടന്നതും.
ജയിലിലായിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ഷൈന്‍.
ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജയിലിലായിരുന്ന സമയത്തെ തന്റെ പുസ്തക വായനയെ കുറിച്ച് താരം മനസുതുറന്നത്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനടക്കമുള്ളവര്‍ പ്രകാശന ചടങ്ങില്‍ ഉണ്ടായിരുന്നു.
”ഇത്രയും അച്ചടക്കത്തോട് കൂടി എന്നെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. ജീവിതത്തില്‍ ബാലരമ പോലും സ്വന്തമായി വായിക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍. എന്റെ അനിയത്തി അടുത്തിരുന്ന് എനിക്ക് വായിച്ചുതരും.
അതും കള്ളിക്കഥകള്‍, ചിത്രമില്ലാത്ത കഥകള്‍ എനിക്ക് വലിയ താല്‍പര്യമില്ല. അങ്ങനെ വായനയുമായി യാതൊരു ബന്ധവുമില്ലാതെ വളര്‍ന്ന ഒരു വ്യക്തിയാണ് ഞാന്‍.
പഠിക്കാനുള്ള പുസ്തകങ്ങള്‍ നിര്‍ബന്ധപൂര്‍വം വായിക്കാറുണ്ട്. അങ്ങനെ 60 ദിവസത്തെ എന്റെ ജയില്‍വാസത്തിനിടക്ക് ജീവിതത്തില്‍ ആദ്യമായി ഞാനൊരു പുസ്തകം വായിക്കാനിടയായി.
പൗലോ കൊയ്‌ലോയുടെ ‘ദ ഫിഫ്ത് മൗണ്ടെയ്ന്‍’. ഇംഗ്ലീഷല്ല, മലയാളം പതിപ്പ്. സബ് ജയിലില്‍ കയറുമ്പോള്‍ നാളെ ഇറങ്ങാം എന്നുള്ള രീതിയിലാണ് എന്നെ അങ്ങോട്ട് കയറ്റിവിട്ടത്.
അവിടെനിന്ന് ഓരോ ജാമ്യവും നഷ്ടമാകുന്നു. കിട്ടാതെ വീണ്ടുംവീണ്ടും ഞാന്‍ ജയിലില്‍ തന്നെ തുടരുന്ന സമയത്ത്, ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നശിച്ച് അടുത്ത ദിവസത്തെ പ്രഭാതത്തിന് വേണ്ടി ഞാന്‍ എന്തിന് കാത്തിരിക്കുന്നു എന്ന തരി പ്രതീക്ഷ പോലുമില്ലാതിരുന്ന സമയത്താണ് ഈ പുസ്തകം അപ്പുറത്ത് നിന്ന് ഒരു കൂട്ടുകാരന്‍ എനിക്ക് തന്നത്.
എങ്കില്‍ശരി ചിത്രം നോക്കാം എന്ന് വിചാരിച്ചപ്പോള്‍ ചിത്രമില്ല. വായിച്ച് തുടങ്ങി. ഓരോ പേജുകളും വളരെ സാവധാനത്തിലാണ് വായിച്ചത്. ജയിലില്‍ ഓരോ ചിട്ടകളുണ്ട്. വൈകീട്ട് ഏഴ് മണിയൊക്കെ ആകുമ്പോള്‍ ചോറ് കിട്ടും. അത് തിന്ന് വേഗം കിടക്കണം, ലൈറ്റ് ഓഫ് ചെയ്യണം.
ഒമ്പത് മണിയാകുമ്പോഴേക്ക് എല്ലാവരും കിടക്കണം. പിന്നെ വായനയും സല്ലാപവും സംസാരങ്ങളും ചിരിയൊന്നുമില്ല. പുസ്തകം മടക്കേണ്ടി വരും. പിറ്റേ ദിവസത്തേക്ക് വേണ്ടി എനിക്ക് കാത്തിരിക്കാന്‍ അടുത്ത പേജിന്റെ ചില പ്രതീക്ഷകള്‍. ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ വന്നുതുടങ്ങി.
അപ്പോഴാണ് പുസ്തകം ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ്, അല്ലെങ്കില്‍ ഒരു പ്രധാനപ്പെട്ട സമയത്ത് അവന്റെ ജീവിതത്തില്‍ കടന്നുവരേണ്ടതാണ് എന്ന ബോധ്യം, പുസ്തകത്തിന്റെ വില എനിക്ക് മനസിലായത്.
അടുത്ത പേജിലെന്താണ് എന്നറിയാനുള്ള കാത്തിരിപ്പ്, പ്രതീക്ഷ. ആ ഇമോഷന്‍ എന്റെയുള്ളില്‍ വീണ്ടുമുണ്ടാക്കിയത് പുസ്തകം എന്ന് പറയുന്ന മാധ്യമമാണ്. 60 ദിവസം തള്ളിനീക്കാന്‍ എന്നെ വളരെയധികം സഹായിച്ചത് ആ പുസ്തകമാണ്, എഴുത്തിന്റെ ശക്തിയാണ്,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Content Highlight: Shine Tom Chacko talks about the time when he was in jail