മോഹൻലാലിൻറെ ആ ചോദ്യം തിയേറ്ററിൽ വലിയ തേങ്ങൽ ഉണ്ടാക്കി, അതൊരു ചരിത്ര വിജയത്തിനാണ് കാരണമായത്: ഷിബു ചക്രവർത്തി
Entertainment
മോഹൻലാലിൻറെ ആ ചോദ്യം തിയേറ്ററിൽ വലിയ തേങ്ങൽ ഉണ്ടാക്കി, അതൊരു ചരിത്ര വിജയത്തിനാണ് കാരണമായത്: ഷിബു ചക്രവർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 8:57 am

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്.

കോമഡി ട്രാക്കിൽ കഥ പറഞ്ഞ് അവസാനം ട്രാജഡിയിൽ അവസാനിപ്പിക്കുന്ന സിനിമകൾ ഒരു സമയത്ത് പ്രിയദർശന്റെ വിജയ ഫോർമുലയായിരുന്നു. വന്ദനം, താളവട്ടം, ചിത്രം തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്ന സിനിമകളായിരുന്നു.

എന്നാൽ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറാൻ സാധിച്ചത് ചിത്രം എന്ന സിനിമയ്ക്കായിരുന്നു. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങിയവർ ഒന്നിച്ച എവർഗ്രീൻ സിനിമയായ ചിത്രം അന്നുവരെ മലയാളത്തിലുണ്ടായിരുന്നു സകല റെക്കോഡുകളും തകർത്ത് 366 ദിവസങ്ങളോളം പ്രദർശനം നടത്തി സൂപ്പർഹിറ്റായി മാറിയിരുന്നു.

ചിത്രത്തിന്റെ വിജയത്തിന് കാരണം ക്ലൈമാക്സിൽ മോഹൻലാൽ പറയുന്ന ഡയലോഗാണെന്ന് പറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. മോഹൻലാലിൻറെ അവസാന ഡയലോഗ് കേട്ടപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്നവർ തേങ്ങുകയായിരുന്നുവെന്നും അതാണ് സിനിമയുടെ വലിയ വിജയത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു. ഹ്യൂമറും പാട്ടുകളുമൊന്നുമല്ല ചിത്രത്തിനെ വലിയ വിജയമാക്കി മാറ്റിയതെന്നും അവസാന സീനാണ് മറ്റൊരു തലത്തിലേക്ക് സിനിമയെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്രം സിനിമയുടെ ഷൂട്ടിങ് തുടങ്ങാനൊക്കെ ഒരുപാട് വൈകിയിരുന്നു. പക്ഷെ അവസാനം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ചിത്രം മാറി. ഹ്യൂമറും പാട്ടുകളുമൊന്നുമല്ല ചിത്രത്തിനെ വലിയ വിജയമാക്കി മാറ്റിയത്. അതിനപ്പുറത്തേക്ക് ക്ലൈമാക്സിലെ ആ ഒരൊറ്റ സീനാണ് സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ചത്.

മോഹൻലാൽ വന്ന് സോമേട്ടനോട് പറയുന്ന ഒരു ഡയലോഗില്ലേ, അത്രയും നേരം ചിരിച്ച് കളിച്ച് നടന്നിട്ട് അവസാനം, ഇപ്പോൾ ജീവിക്കാൻ ഒരു കൊതി തോന്നുവെന്ന് ലാൽ പറയുമ്പോൾ പ്രേക്ഷകർ തേങ്ങുകയായിരുന്നു. തുടക്കം മുതൽ ചിരിയും കളിയുമായി പാട്ടെല്ലാം ഏറ്റുപാടി സിനിമ കണ്ടുകൊണ്ടിരുന്ന ഷേണായിസ് തിയേറ്ററിലെ പ്രേക്ഷകരുടെ ഒരു തേങ്ങൽ ആ നിമിഷം ഞാൻ കേട്ടു. ആ ചോദ്യത്തിൽ അത്രയും മനുഷ്യന്മാർ തേങ്ങിപ്പോയി. അതുതന്നെയാണ് ചിത്രത്തിനെ സൂപ്പർ ഹിറ്റാക്കിയത്,’ഷിബു ചക്രവർത്തി പറയുന്നു.

 

Content Highlight: Shibu Chakravarthi About Chithram Movie Success