Entertainment news
ഇന്ത്യയില്‍ സത്യസന്ധമായി നടന്ന കാര്യം തുറന്നു കാണിച്ചപ്പോള്‍, കലാകാരന്മാര്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 01:44 pm
Monday, 31st March 2025, 7:14 pm

എമ്പുരാനെ കുറിച്ചുളള വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജിയോ ബേബി.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന താനുള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിനേറ്റ നാണക്കേടാണ് എമ്പുരാനെതിരെ വന്നിട്ടുള്ള വിവാദങ്ങളെന്നും ഇന്ത്യയില്‍ സത്യസന്ധമായി നടന്ന ഒരു കാര്യത്തെ തുറന്ന് കാണിച്ചപ്പോള്‍ രാജ്യത്തെ കലാകാരന്‍മാര്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയാണെന്നും അവരുടെ മാനസികാവസ്ഥയില്‍ താനും പങ്കാളിയാകുന്നുവെന്നും ജിയോ ബേബി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ ഒരു തീരുമാനം എടുക്കേണ്ട അവസ്ഥയിലേക്ക് അവര്‍ എത്തി എന്നുള്ളതാണ് വളരെ നിരാശാജനകമായ ഒരു കാര്യം. ഇന്ത്യയില്‍ സത്യസന്ധമായി നടന്ന ഒരു കാര്യം വിളിച്ച് പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍ ഒരു രാജ്യത്തിലെ കലാകാരന്‍മാര്‍ക്ക് നേരിടേണ്ടി വന്ന ഒരു ദുരവസ്ഥയാണ് അത്. അതില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന താന്‍ ഉള്‍പ്പെടെ ഉള്ള മനുഷ്യര്‍ക്ക് ഏല്‍ക്കുന്ന നാണക്കേടാണ്.

ഇപ്പോള്‍ ഇവര്‍ മാപ്പ് പറഞ്ഞുവെങ്കില്‍, ആ മാപ്പ് പറയേണ്ട അവസ്ഥയിലുള്ള ഒരു രാജ്യത്താണ് നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് എന്നത് വളരെ നാണക്കേടും ഖേദകരമായ അവസ്ഥയുമാണ്. അവരുടെ അതേ മാനസികാവസ്ഥ തന്നെയാണ് തനിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരായിട്ടുള്ള സംവിധായകന്‍, എഴുത്തുകാരന്‍, നിര്‍മാതാക്കള്‍ അവര്‍ ഏത് അവസ്ഥയിലാണോ, ആ അവസ്ഥയില്‍ ഞാനും പങ്കാളിയാകുന്നു,’ ജിയോ ബേബി പറയുന്നു.

സിനിമയിലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം സംഘപരിവാറിനെ ചൊടിപ്പിക്കുകയും എമ്പുരാനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിവാദത്തിന് പിന്നാലെ ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തുകയും ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Jeo baby reacts to Empuraan movie controversy