Advertisement
കേരള സര്‍വകലാശാല എം.ബി.എ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത; പുനഃപരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കണം
Kerala News
കേരള സര്‍വകലാശാല എം.ബി.എ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത; പുനഃപരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 11, 04:22 pm
Friday, 11th April 2025, 9:52 pm

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എം.ബി.എ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത.

പുനഃപ്പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ നിര്‍ദേശം തള്ളിയ ലോകായുക്ത വിദ്യാര്‍ത്ഥിയുടെ അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു. എം.ബി.എ വിദ്യാര്‍ത്ഥിനിയായ അഞ്ജന പ്രദീപിന്റെ ഹരജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്ത സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥിയെ ബുദ്ധിമുട്ടുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. പരീക്ഷ പൂര്‍ത്തിയാക്കി ജോലിക്ക് പ്രവേശിച്ച വിദ്യാര്‍ത്ഥിയെ പുനഃപരീക്ഷയെഴുതിക്കുന്നത് വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ലോകായുക്ത നിരീക്ഷിച്ചു.

കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാന്‍സ് സ്ട്രീം എം.ബി.എ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകനായ പ്രമോദ് നല്‍കിയ വിശദീകരണം.

പാലക്കാട് സ്വദേശിയായ അധ്യാപകന്‍ മൂല്യനിര്‍ണയം നടത്തിയ 71 ഉത്തരക്കടലാസുകളാണ് കാണാതായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളോട് വീണ്ടും പരീക്ഷ എഴുതാന്‍ സര്‍വകലാശാല ഉത്തരവിട്ടിരുന്നു. എന്നാല്‍ 65 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ പുനഃപരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിച്ചുള്ളു. പുനഃപരീക്ഷ നടത്തിയതിന്റെ ചെലവ് സര്‍വകലാശാല അധ്യാപകന്‍ ജോലി ചെയ്യുന്ന കോളേജില്‍ നിന്ന് ഈടാക്കും.

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ പരീക്ഷ കണ്‍ട്രോളറും രജിസ്ട്രാറും ഉള്‍പ്പെട്ട സമിതി ശുപാര്‍ശ ചെയ്തിരുന്നു. അധ്യാപകന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അധ്യാപകന്റെ വീഴ്ച്ച ഗുരുതരമായതിനാല്‍ പിരിച്ചുവിടാനാണ് നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വൈസ് ചാന്‍സലറാണ്.

Content Highlight: Kerala University MBA answer sheets lost; Lokayukta strongly criticizes; Average marks should be given to students who did not write the re-exam