ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍ന്നടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാന്‍ സാധിച്ചത്.
മോയിന്‍ അലി തുടങ്ങിവെച്ച വിക്കറ്റ് വേട്ട സുനില്‍ നരെയ്‌നും ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും ഏറ്റെടുത്തതോടെയാണ് ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കണ്ണുനീര്‍ വീണത്.
🎯1⃣0⃣4⃣ #CSKvKKR pic.twitter.com/S1iXPIWH97
— Chennai Super Kings (@ChennaiIPL) April 11, 2025
ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തേടിയെത്തിയിരുന്നു. ഹോം ഗ്രൗണ്ടില്‍ ചെന്നൈയുടെ ഏറ്റവും മോശം ടോട്ടലാണിത്. 2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 109 റണ്‍സാണ് ഈ പട്ടികയില്‍ ഒന്നാമതുണ്ടായിരുന്നത്.
ഐ.പി.എല്ലില്‍ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മോശം മൂന്നാമത് ടോട്ടലിന്റെ റെക്കോഡും ചെപ്പോക്കില്‍ പിറന്നു. 2013ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെയില്‍ നേടിയ 79 ആണ് സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മോശം ടോട്ടല്‍.
Our Record is Safe ✅ https://t.co/zw8o8Mvlc0 pic.twitter.com/BqrPXZw3pt
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) April 11, 2025
(സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം വേദി എന്നീ ക്രമത്തില്‍)
79/10 – മുംബൈ ഇന്ത്യന്‍സ് – 2013 – വാംഖഡെ
97/10 – മുംബൈ ഇന്ത്യന്‍സ് – 2022 – വാംഖഡെ
103/7 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2025 – ചെപ്പോക്ക്
109/10 – രാജസ്ഥാന്‍ റോയല്‍സ് – 2008 – ജയ്പൂര്‍
109/10 – – മുംബൈ ഇന്ത്യന്‍സ് – 2019 – ചെപ്പോക്ക്
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ടതെല്ലാം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരെയും സൂപ്പര്‍ കിങ്സിന് നഷ്ടമായിരുന്നു.
ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടപ്പെട്ടത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മോയിന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് കോണ്‍വേ പുറത്തായി. 11 പന്തില്‍ 12 റണ്‍സാണ് താരം നേടിയത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠിക്ക് ശേഷിച്ച അഞ്ച് പന്തിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സീസണിലെ നാലാം മെയ്ഡന്‍ ഓവറും പിറവിയെടുത്തു.
Bowled as one 💜 pic.twitter.com/Ds2dqaLpVy
— KolkataKnightRiders (@KKRiders) April 11, 2025
അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രചിന്‍ രവീന്ദ്രയും മടങ്ങി. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് രചിന് നേടാന്‍ സാധിച്ചത്. ഹര്‍ഷിത് റാണയുടെ പന്തില്‍ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
മൂന്നാം വിക്കറ്റില്‍ വിജയ് ശങ്കറും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് സൂപ്പര്‍ കിങ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. ഇന്നിങ്‌സിലെ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പാണിത്.
ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ വിജയ് ശങ്കറിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബ്രേക് ത്രൂ നല്‍കി. 21 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. ഇതിന് മുമ്പ് രണ്ട് തവണ കൊല്‍ക്കത്ത വിജയ് ശങ്കറിന് ലൈഫ് നല്‍കിയിരുന്നു.
— KolkataKnightRiders (@KKRiders) April 11, 2025
അധികം വൈകാതെ ത്രിപാഠിയും പുറത്തായി. 22 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയാണ് ചെപ്പോക്കില്‍ കണ്ടത്. 59/2 എന്ന നിലയില്‍ നിന്നും 79/9 എന്ന നിലയിലേക്ക് സൂപ്പര്‍ കിങ്‌സിന്റെ പതനം വളരെ വേഗത്തിലായിരുന്നു.
ശിവം ദുബെയുടെ ചെറുത്തുനില്‍പ്പാണ് ചെന്നൈയെ നൂറ് കടത്തിയത്. 29 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് ദുബെ അടിച്ചെടുത്തത്.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റും ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി. മോയിന്‍ അലിയും വൈഭവ് അറോറയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ്.
Content Highlight: IPL 2025: CSK vs KKR: Chennai Super Kings registered lowest total in Chennai in IPL