തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. 240 കോടിയോളം ഇതിനോടകം സ്വന്തമാക്കിയിരിക്കുകയാണ് ഗുഡ് ബാഡ് അഗ്ലി.
എന്നാല്‍ തമിഴ്‌നാട് ഒഴികെ മറ്റിടങ്ങളില്‍ വമ്പന്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. തമിഴിലെ ടൈര്‍ 2 നടനായ ശിവകാര്‍ത്തികേയന്റെ അമരന്റെ കളക്ഷന്‍ തമിഴ്‌നാട്ടിലൊഴികെ മറ്റൊരിടത്തും ഗുഡ് ബാഡ് അഗ്ലി മറികടന്നിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 138 കോടിയോളം ഇതിനോടകം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ ഓവര്‍സീസില്‍ 59.6 കോടി, കേരളത്തില്‍ നിന്ന് 3.8 കോടി, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ആറ് കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷന്‍. ശിവകാര്‍ത്തികേയന്റെ അമരനെ ഇവിടങ്ങളിലൊന്നും ഗുഡ് ബാഡ് അഗ്ലി മറികടന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗുഡ് ബാഡ് അഗ്ലിക്ക് മുമ്പ് അജിത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് മികച്ച പ്രതികരണം ലഭിച്ചിട്ടും ഇപ്പോള്‍ പ്രതീക്ഷിച്ച മുന്നേറ്റം നടക്കാത്തതിന് കാരണം.
അതേസമയം, ശിവകാര്‍ത്തികേയന്റെ ഉയര്‍ച്ചയും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് ശിവകാര്‍ത്തികേയന്‍ തമിഴ്‌നാട്ടില്‍ ഇത്ര വലിയ ഫാന്‍ബേസ് സൃഷ്ടിച്ചത്. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ട ചോയിസായി ശിവ മാറുകയായിരുന്നു. സേഫ് സോണ്‍ വിട്ട് അമരന്‍ പോലെ കണ്ടന്റ് ഓറിയന്റഡ് സിനിമ ചെയ്തതോടെ തന്നിലെ നടനെയും ശിവകാര്‍ത്തികേയന്‍ പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തി.
എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസി, സുധാ കൊങ്കരയുടെ പരാശക്തി എന്നീ ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്റേതായി പുറത്തിറങ്ങാനുള്ളവ. ഈ രണ്ട് സിനിമകള്‍ കൂടി വിജയമായാല്‍ തമിഴിലെ ടൈര്‍ 1 താരങ്ങള്‍ക്കൊപ്പം ശിവകാര്‍ത്തികേയനും ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.
അതേസമയം ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം അജിത്തിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. സ്വന്തമായി റേസിങ് ടീം ആരംഭിച്ച താരം ഈ വര്‍ഷം മുഴുവന്‍ റേസിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരങ്ങള്‍. 2025ലാകും താരം തന്റെ അടുത്ത പ്രൊജക്ട് അനൗണ്‍സ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Good Bad Ugly can’t overtake Amaran movie collection in Overseas and other areas