Malayalam Cinema
എന്റെ പേരിലുള്ള ഫാന്‍പേജുകള്‍ അധികവും കേരളത്തില്‍ നിന്നാണ്: ശ്രീനിധി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 07:41 am
Wednesday, 23rd April 2025, 1:11 pm

കന്നഡ സിനിമ ഇന്‍ഡസ്ട്രിയെ ഇന്ത്യക്ക് മുന്നിലേക്ക് പ്രതിഷ്ഠിച്ച ചിത്രമാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്. യഷ് നായകനായ ചിത്രം ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരു പുതിയ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം 1200 കോടിയാണ് കളക്ട് ചെയ്തത്.
പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ സ്‌കെയിലിലാണ് നിര്‍മിച്ചത്.

ശ്രീനിധി ഷെട്ടിയാണ് കെ.ജി.എഫ് ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും നായികയായത്. കെ.ജി.എഫിലൂടെ മലയാളികളുടെ ഇടയിലും ശ്രീനിധി ഏറെ ശ്രദ്ധ നേടിയിരുന്നു.

ഹിറ്റ് യൂണിവേഴ്സിലെ മൂന്നാം ഭാഗവും 2022 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ദി 2 കേസിന്റെ തുടര്‍ച്ചയുമാണ് ഹിറ്റ് ദി തേര്‍ഡ് കേസ്. ഇതില്‍ ശ്രീനിധി ഷെട്ടിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നാനിയാണ് ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ തന്റെ പേരിലുള്ള അധികം ഫാന്‍ പേജുകളും കേരളത്തില്‍ നിന്നുള്ളവയാണെന്ന് പറയുകയാണ് ശ്രീനിധി.

തന്റെ പേരിലുള്ള 70 ശതമാനത്തോളം ഫാന്‍ പേജുകളും കേരളത്തില്‍ നിന്നാണെന്നും എന്തുകൊണ്ടാണ് മലയാളികള്‍ തന്നെ ഇത്രയേറെ സ്‌നേഹിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ശ്രീനിധി പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ ഫാന്‍ പേജുകള്‍ തനിക്കുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം ഫാന്‍ പേജുകളും കേരളത്തില്‍ നിന്ന് തന്നെയാണെന്നും ശ്രീനിധി കൂട്ടിച്ചേര്‍ത്തു. ഹിറ്റ്. ദി തേര്‍ഡ് കേസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ആരെയെങ്കിലും ആരാധകര്‍ എന്ന് വിളിക്കാന്‍ ഞാന്‍ ആരുമല്ല. പക്ഷേ എനിക്ക് ഉള്ള ഫാന്‍ പേജുകളില്‍ 70% വും കേരളത്തില്‍ നിന്നാണ് വരുന്നത്. ഇതെല്ലാം കേരള ഫാന്‍ പേജുകളാണ്. എന്തുകൊണ്ടാണ് അവര്‍ എന്നെ ഇത്രത്തോളം സ്‌നേഹിക്കുന്നതെന്ന് എനിക്കറിയുകയുമില്ല. എഡിറ്റുകള്‍ അധികവും വരുന്നത് കേരളത്തില്‍ നിന്നാണ്. കുറച്ച് കര്‍ണാടകയില്‍ നിന്നുണ്ട്, പിന്നെ തമിഴ് നാട്ടില്‍ നിന്നുണ്ട് പക്ഷേ 70 ശതമാനത്തോളം ശരിക്കും വരുന്നത് കേരളത്തില്‍ നിന്നാണ്,’ ശ്രീനിധി പറയുന്നു.

Content Highlight:  Srinidhi Shetty says that most of her fan pages are from Kerala audience