ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. ജൂലൈയില്‍ ബംഗ്ലാദേശില്‍ നടന്ന ആഭ്യന്തരകലാപത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഹസീന ഈ ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കലാപത്തെ തുടര്‍ന്ന് നാടുവിട്ട ഹസീന നിലവില്‍ ഇന്ത്യയില്‍ ആണ് താമസിക്കുന്നത്. തന്റെ പിതാവ് മുജീബുര്‍ റഹ്‌മാന്റെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് മകന്‍ സജീബ് വസെദിന്റെ എക്‌സ് പോസ്റ്റിലൂടെയാണ് പ്രതികര്ച്ചത്.
‘ജൂലൈയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, അവാമി ലീഗ് പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മനുഷ്യര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. അവരുടെ നിത്യ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശിന്റെ ദേശീയ പിതാവും ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍ ക്രൂരമായി കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പം എന്റെ അമ്മ സഹോദരങ്ങള്‍, സഹോദര ഭാര്യമാര്‍, അവരുടെ മക്കള്‍, അമ്മാവന്‍ എന്നിവരെല്ലാവരും കൊല്ലപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ രണ്ട് സഹോദരിമാര്‍ മാത്രം ബാക്കിയായി.
തുടര്‍ന്ന് ഞങ്ങള്‍ ആ ക്രൂര കൊലപാതകങ്ങളുടെ സ്മരണയായ ബംഗബന്ധു ഭവന്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. മ്യൂസിയം പണി കഴിപ്പിച്ചു. അവിടെ രാജ്യത്തിലെ സാധാരണക്കാര്‍ മുതല്‍ ഉന്നതര്‍ വരെ സന്ദര്‍ശിച്ചു. എന്നാല്‍ ഇന്ന് ആ സ്മാരകം ചാരമായി മാറി. നമ്മുടെ രാജ്യം വികസ്വര രാജ്യമെന്ന പേരില്‍ ഏറെ ഖ്യാതി നേടിയിരുന്നു.
എന്നാല്‍ ആരുടെ കാലത്താണോ ആ വിശേഷണം നേടിയത് അദ്ദേഹം ഇന്ന് ഏറെ അപമാനിക്കപ്പെട്ടു. എന്നാല്‍ അത് കേവലം അദ്ദേഹത്തിനെ മാത്രമല്ല മുഴുവന്‍ രക്തസാക്ഷികളെയും അപമാനിച്ചതിന് തുല്യമാണ്. കാരണം അദ്ദേഹത്തിന് കീഴിലാണ് നമ്മുടെ രാജ്യം ആത്മാഭിമാനവും സ്വാതന്ത്രവും നേടിയെടുത്തത്.
അതുകൊണ്ട് ബംഗ്ലാദേശിലെ ജനങ്ങളോട് ഓഗസ്റ്റ് 15 ദേശീയ ബലിദാന ദിനമായി ആചരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്,’ ഷെയ്ഖ് ഹസീനയുടെ കുറിപ്പില്‍ പറയുന്നു.
സംവരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഓഗസ്റ്റ് 5ന് രാജി വെച്ച ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സര്‍ക്കാര്‍ കൊലക്കുറ്റം ചുമത്തിയിരുന്നു.
Content Highlight: Sheikh Hasina’s first response after resignation