Advertisement
national news
'ശരിയായ കാര്യം പറഞ്ഞ മകളെ ഓര്‍ത്ത് അഭിമാനിക്കൂ'; സൗരവ് ഗാംഗുലിയോട് ഷെഹ്‌ല റാഷിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 19, 07:53 am
Thursday, 19th December 2019, 1:23 pm

തന്റെ മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായില്ലെന്ന് പറഞ്ഞ ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയോട് പ്രതികരിച്ച് ഷെഹ്‌ല റാഷിദ്. ട്വിറ്ററിലൂടെയാണ് ഷെഹ്‌ലയുടെ പ്രതികരണം.

ശരിയായ കാര്യം പറഞ്ഞ മകളെ ഓര്‍ത്ത് അഭിമാനിക്കൂ. യുവതികള്‍ക്കും മുതിര്‍ന്നവരെ പോലെ രാഷ്ട്രീയ ബോധമുള്ളവരാവാന്‍ അവകാശമുണ്ടെന്നും ഷെഹ്ല റാഷിദ് പറഞ്ഞു.

 

കഴിഞ്ഞ ദിവസമാണ് ഗാംഗുലിയുടെ മകള്‍ ഫാസിസ്റ്റ് ഭരണകൂടത്തെ പറ്റി പരാമര്‍ശിക്കുന്ന ഖുഷ്വന്ത് സിങ് എഴുതിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സനയുടെ പോസ്റ്റ്. എന്നാല്‍ ഇത് വലിയ ചര്‍ച്ചയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സ്റ്റോറി ഡിലീറ്റ് ചെയ്തതിനു പിന്നില്‍ സൗരവ് ഗാംഗുലിയെ ചുറ്റിപ്പറ്റി നാളുകളായി കേള്‍ക്കുന്ന അഭ്യൂഹങ്ങളാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്ന ‘ദി എന്‍ഡ് ഓഫ് ഇന്ത്യ’യിലെ ഭാഗം ഇങ്ങനെ:

‘മുസ്ലിങ്ങള്‍ അല്ലാത്തതിനാല്‍ സുരക്ഷിതരാണെന്നു ചിന്തിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. ഇന്നു നമ്മള്‍ നിശബ്ദരാവുകയാണെങ്കില്‍ ഇനി അവര്‍ തേടിവരിക പാവാട ധരിക്കുന്നവരെയും മദ്യം കഴിക്കുന്നവരെയും വിദേശ സിനിമകള്‍ കാണുന്നവരെയും ആവും.

ഫാസിസ്റ്റ് ഭരണകൂടത്തിന് അതിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ഒരുകൂട്ടം ആളുകളെ വേണം. അത് ഒന്നില്‍നിന്നു മറ്റൊന്നായി വളര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ പലപ്പോഴും അതവസാനിക്കുകയില്ല. ഇപ്പോള്‍ത്തന്നെ ഇടതുപക്ഷ ചരിത്രകാരന്മാരെയും പാശ്ചാത്യ ജീവിതരീതികള്‍ പിന്തുടരുന്ന യുവതയെയും ഈ ഭരണകൂടം ലക്ഷ്യംവെച്ചു കഴിഞ്ഞിരിക്കുന്നു.

രോഗം വരുമ്പോള്‍ അലോപ്പതി ഡോക്ടര്‍മാരെ കാണാന്‍ ആഗ്രഹിക്കുകയും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു പല്ലുതേക്കുമ്പോഴും ചുംബിച്ചുകൊണ്ടോ കൈകൊടുത്തുകൊണ്ടോ അഭിവാദ്യം ചെയ്യുമ്പോഴും ജയ് ശ്രീറാം മുഴങ്ങാം. ഇവിടെയാരും സുരക്ഷിതരല്ല. ഇന്ത്യയെ തിരികെ വേണമെങ്കില്‍ നമുക്കീ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.’- പോസ്റ്റില്‍ പറയുന്നു.