തിരുവനന്തപുരം: കൊവിഡ് പ്രതിരോധമെന്ന പേരില്‍ മെയ് 8ന് നഗരത്തിലെ മുഴുവന്‍ വീടുകളിലും ധൂമ സന്ധ്യ സംഘടിപ്പിക്കുവാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം തികച്ചും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആയുര്‍വേദ മരുന്ന് അടങ്ങിയ അണു നശീകരണ ചൂര്‍ണം എല്ലാ വീടുകളിലും പുകയ്ക്കുന്ന ധൂമ സന്ധ്യ എന്ന പരിപാടി നടത്തുമെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ് അറിയിച്ചിരുന്നു. എല്‍.ഡി.എഫ് അധികാരത്തിലുള്ള നഗരസഭയാണ് ആലപ്പുഴ. നഗരസഭയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്.
ആയുര്‍വേദ വിധിപ്രകാരമുള്ള അപരാജിത ചൂര്‍ണം പുകച്ചാല്‍ എല്ലാത്തരം വൈറസുകളും ബാക്ടീരിയകളും ഇല്ലാതാകുമെന്നും അത് വഴി വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ചവ്യാധികളും ഇല്ലാതാകും എന്നുമാണ് നഗരസഭ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നത്.
മാത്രമല്ല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന പേരില്‍ നഗരത്തില്‍ വ്യാപകമായി ഹോമിയോ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം വാദങ്ങള്‍ അബദ്ധവും അശാസ്ത്രീയവും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.
ഇത്തരം മാര്‍ഗങ്ങളിലൂടെ കൊവിഡിനെയോ മറ്റേതെങ്കിലും പകര്‍ച്ചവ്യാധിയേയോ ചെറുക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട കാലമാണിത്. എസ്.എം.എസ്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളെ ജാഗരൂകരാക്കുകയാണ് ഇക്കാലത്ത് വേണ്ടത്. അതിനു പകരം അപരാജിത ചൂര്‍ണം പുകച്ചും ഹോമിയോ ഗുളിക ഉപയോഗിച്ചും കോവിഡിനെ പ്രതിരോധിക്കാം എന്ന് ഒരു നഗരസഭ തന്നെ പ്രചരിപ്പിക്കുകയാണെന്നും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പറയുന്നു.
നഗരസഭയുടെ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കുന്ന ജനത്തിന് അതിലൂടെ തങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയുണ്ടാകുമെന്നും തെറ്റായ ആത്മവിശ്വാസം ഉണ്ടാകുമ്പോള്‍, തങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയില്‍ അതവരെ എത്തിക്കുമെന്നും പരിഷത്ത് ചൂണ്ടിക്കാണിക്കുന്നു. നഗരത്തിലെ കൊവിഡ് പകര്‍ച്ച തീവ്രമാക്കുന്നതിന് അത് കാരണമായേക്കാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ദീപം കൊളുത്തിയും ചാണകവും ഗോമൂത്രവും ഉപയോഗിച്ചും കൊവിഡിനെ തടയാമെന്ന് പറഞ്ഞ രാംദേവ് – യോഗി – മോദിമാര്‍ അടക്കമുള്ള സംഘപരിവാര്‍ പ്രചാരണങ്ങളെ പിന്‍പറ്റി ഒരു ഇടത് പക്ഷ നഗരസഭ അശാസ്ത്രീയതകള്‍ പ്രചരിപ്പിക്കരുത്. നാട് ഗുരുതരമായ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ തികച്ചും നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ തിരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം അശാസ്ത്രീയ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നിന്ന് ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആലപ്പുഴ നഗരവാസികളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പരിഷത്ത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക