ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റിനെ വെറും നോട്ടീസ് ബോര്‍ഡിലേക്കും റബ്ബര്‍ സ്റ്റാമ്പിലേക്കും ചുരുക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ ‘Sustaining Democracy; Nurturing Democracy’, എന്ന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇത് പറയുന്നതില്‍ ഞാന്‍ ഖേദിക്കുന്നുണ്ട്. പക്ഷെ ഇന്ന് പാര്‍ലമെന്റിനെ നോട്ടീസ് ബോര്‍ഡും റബ്ബര്‍ സ്റ്റാമ്പുമായി ചുരുക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ വിജയിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ എന്ത് ചെയ്യാനാഗ്രഹിക്കുന്നുവോ അത് പ്രഖ്യാപിക്കാനുള്ള ഒരു നോട്ടീസ് ബോര്‍ഡ് മാത്രമാണ് പാര്‍ലമെന്റ്.
ഒരു റബ്ബര്‍ സ്റ്റാമ്പാണ് ഇന്ന് പാര്‍ലമെന്റ്. കാരണം അവരുടെ (ബി.ജെ.പി) വലിയ ഭൂരിപക്ഷം അനുസരണയോടെ എല്ലാ ബില്ലുകളും മന്ത്രിസഭയില്‍ നിന്ന് വരുന്ന രൂപത്തില്‍ തന്നെ പാസാക്കുന്നു,” ശശി തരൂര്‍ പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇവിടെ സര്‍ക്കാരിന് സ്വേച്ഛാധിപത്യപരമായ നിരവധി നടപടികള്‍ സ്വീകരിക്കാനാകുന്നുണ്ടെന്നും ഇതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് വിളിക്കാമെന്നും കോണ്‍ഗ്രസ് എം.പി കൂട്ടിച്ചേര്‍ത്തു.
സിദ്ദീഖ് കാപ്പനെപ്പോലുള്ളവരെ ജാമ്യം പോലുമില്ലാതെ രണ്ട് വര്‍ഷത്തോളം ജയിലിലടച്ച വിധത്തില്‍ ഇതിനകം തന്നെ കര്‍ശനമാക്കിയ യു.എ.പി.എ നിയമം വീണ്ടും കര്‍ശനമാക്കുന്നു. ഇത് നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന്റെ നിരവധി മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ്, എന്നും ശശി തരൂര്‍ വ്യക്തമാക്കി.
2020 ഒക്ടോബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നടന്ന ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.