Entertainment news
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍ കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടും? ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 21, 07:22 am
Wednesday, 21st July 2021, 12:52 pm

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

കേന്ദ്രമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ നിരവധി പേര്‍ മോദിയുടെ ‘ലാളിത്യ’ത്തെ പ്രശംസിച്ചുരംഗത്തത്തിയിരുന്നു.

ഇപ്പോള്‍ സംഭവത്തെ അടിസ്ഥാനമാക്കി ഒരു ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ് ഷമ്മി തിലകന്‍.

” സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..?,” എന്നാണ് ഷമ്മി കുറിപ്പില്‍ ചോദിക്കുന്നത്. നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് റിയാക്ഷനുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. പോസ്റ്റിന് വന്ന കമന്റുകളില്‍ ചിലതിന് ഷമ്മി മറുപടിയും കൊടുത്തിട്ടുണ്ട്.

” ഒരു കാര്യം പറഞ്ഞേക്കാം ലാലപ്പനെ കൊണ്ടാണ് പറഞ്ഞതെങ്കില്‍ നുമ്മ ക്ഷമിക്കും.. ഇല്ലേല്‍ കുഴീ കെടക്കുന്ന തിലകന്‍ ചേട്ടനെ തുമ്മിക്കരുത്,” എന്നായിരുന്നു ഒരാളുടെ കമന്റ് ഇതിന് ഉവ്വാ.. ഉവ്വാാാാ…. എന്നാണ് ഷമ്മിയുടെ മറുപടി.

” ഈ സൂപ്പര്‍ താരങ്ങളെ തന്നെയല്ലേ… മമ്മൂക്കാന്നും ലാലേട്ടാന്നും വിളിച്ച് സുഖിപ്പിച്ച് താങ്കള്‍ പോസ്റ്റിടുന്നത്… അതോ ഇനി താങ്കളുദ്ദേശിച്ചത് സന്തോഷ് പണ്ഡിറ്റിനെയാണോ?, എന്ന ചോദ്യത്തിന് ” ഞാന്‍ സന്തോഷ് പണ്ഡിറ്റിനെ പ്രകീര്‍ത്തിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നേക്കാള്‍ പ്രായം കുറഞ്ഞ വ്യക്തി ആയതിനാലാണ് അദ്ദേഹത്തെ ഇക്കാ എന്നോ ഏട്ടാ എന്നോ വിളിക്കാതിരുന്നത്,” എന്നാണ് ഷമ്മി നല്‍കിയ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Shammy Thilakan Facebook Post